News

‘മന്ത്രിയുടെ പ്രഖ്യാപനം രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി’; വീണാ ജോർജ്ജ് രാജിവെക്കണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് സ്ത്രീ മരിച്ച സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തകർന്നത് ഉപയോഗിക്കാത്ത കെട്ടിടമാണെന്നും, അതിനകത്ത് ആരുമില്ലെന്നും മന്ത്രിമാർ നടത്തിയ പ്രഖ്യാപനമാണ് രക്ഷാപ്രവർത്തനം വൈകാനും ഒരു ജീവൻ നഷ്ടപ്പെടാനും കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു.

“രക്ഷാപ്രവർത്തനം നടന്നില്ലെന്നതാണ് ഏറ്റവും സങ്കടകരം. ആരോഗ്യ വകുപ്പ് മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി ആ കെട്ടിടം അടഞ്ഞു കിടക്കുന്നതാണെന്നും അതിനകത്ത് ആരും ഇല്ലെന്നും ഒദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാ പ്രവർത്തനം നടക്കാതെ പോയത്. ഒരു ജീവനാണ് നഷ്ടപ്പെട്ടത്. അതിന്റെ ഉത്തരവാദിത്തം മന്ത്രിക്കുണ്ട്,” സതീശൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വീഴ്ചയിൽ രൂക്ഷ വിമർശനം

അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറി ഉൾപ്പെടെ രാവിലെയും ആളുകൾ ഉപയോഗിച്ചിരുന്നുവെന്ന് കൂട്ടിരിപ്പുകാർ തന്നെ പറയുമ്പോഴും, എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാർ കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുകയല്ല മന്ത്രി ചെയ്യേണ്ടതെന്നും, അപകടമുണ്ടായപ്പോൾ കെട്ടിടത്തിനുള്ളിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘ആരോഗ്യവകുപ്പ് വെന്റിലേറ്ററിൽ’

മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും ആവശ്യത്തിന് ജീവനക്കാരും ഇല്ലാതെ സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കിയ മന്ത്രിയാണ് വീണാ ജോർജ് എന്ന് സതീശൻ കുറ്റപ്പെടുത്തി. “സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് വർധിച്ചപ്പോഴാണ് സാധാരണക്കാർ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. എന്നാൽ സർക്കാർ ആശുപത്രികളില്‍ നേരത്തെയുണ്ടായിരുന്ന എല്ലാ സൗകര്യങ്ങളും ഇപ്പോള്‍ ഇല്ലാതായി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പാവങ്ങളെ സഹായിക്കാൻ കൊണ്ടുവന്ന കാരുണ്യ പദ്ധതി ഉൾപ്പെടെയുള്ളവ തകർത്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യം തുറന്നു പറഞ്ഞ ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, ആരോഗ്യരംഗത്തെ യഥാർത്ഥ സ്ഥിതി ജനങ്ങൾക്കറിയാമെന്നും സതീശൻ പറഞ്ഞു.