
മന്ത്രി വീണാ ജോർജിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊട്ടാരക്കര: ആരോഗ്യമന്ത്രി വീണാ ജോർജിന് യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്ന് (വ്യാഴാഴ്ച) കോട്ടയത്ത് നടന്ന മുഖ്യമന്ത്രിയുടെ മേഖലാ അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മന്ത്രി. യോഗത്തിനിടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് ഒരു സ്ത്രീ മരിച്ചത്. ഈ സംഭവത്തെ തുടർന്ന് മന്ത്രി മെഡിക്കൽ കോളേജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചത്.