
ശത്രുനീക്കങ്ങൾ ഇനി കയ്യിൽ; മൂന്ന് ചാരവിമാനങ്ങൾ വാങ്ങാൻ വ്യോമസേന
ന്യൂഡൽഹി: ശത്രുക്കളുടെ നീക്കങ്ങൾ ആകാശത്തുനിന്ന് തത്സമയം നിരീക്ഷിച്ച് കൃത്യമായ ആക്രമണങ്ങൾ നടത്താൻ ഇന്ത്യൻ വ്യോമസേനയുടെ ശേഷി വർധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, മൂന്ന് അത്യാധുനിക ഇന്റലിജൻസ്, സർവൈലൻസ്, ടാർഗറ്റ് അക്വിസിഷൻ ആൻഡ് റിക്കണൈസൻസ് (I-STAR) വിമാനങ്ങൾ വാങ്ങാനുള്ള നിർദ്ദേശം വ്യോമസേന മുന്നോട്ട് വെച്ചു. അതിർത്തിയിലെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നതിലും, ഭീകര കേന്ദ്രങ്ങൾ കണ്ടെത്തുന്നതിലും ഈ ‘ചാരവിമാനങ്ങൾ’ നിർണായക പങ്ക് വഹിക്കും.
വിദേശ ഒറിജിനൽ എക്യുപ്‌മെന്റ് നിർമ്മാതാക്കളിൽ (OEM) നിന്ന് വിമാനങ്ങൾ വാങ്ങിയ ശേഷം, ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ (DRDO) കീഴിലുള്ള സെന്റർ ഫോർ എയർബോൺ സിസ്റ്റംസ് (CABS) ആയിരിക്കും ഇതിൽ ചാരവൃത്തിക്കും നിരീക്ഷണത്തിനും ആവശ്യമായ അത്യാധുനിക സംവിധാനങ്ങൾ ഘടിപ്പിക്കുന്നത്. സ്വകാര്യ ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തവും ഇതിലുണ്ടാകും.
‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായാണ് ഈ തന്ത്രപ്രധാനമായ നീക്കം. പുതിയ ചാരവിമാനങ്ങൾ എത്തുന്നതോടെ, വ്യോമസേനയുടെ പ്രവർത്തന സജ്ജതയും കൃത്യമായ ലക്ഷ്യങ്ങൾ ഭേദിക്കാനുള്ള കഴിവും പതിന്മടങ്ങ് വർധിക്കും.