
എഫ്-35 വിമാനം നന്നാക്കാൻ കഴിഞ്ഞില്ല; വിമാനത്തെ ആകാശമാർഗം ‘പൊക്കി’ക്കൊണ്ടുപോകും
തിരുവനന്തപുരം: രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം ഇന്ത്യയിൽ വെച്ച് അറ്റകുറ്റപ്പണി നടത്താനാവില്ലെന്ന് സ്ഥിരീകരണം. വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാർ ഇവിടെവെച്ച് പരിഹരിക്കാൻ സാധിക്കില്ലെന്നും, അതിനാൽ വിമാനം പൂർണ്ണമായി യുകെയിലേക്ക് തിരികെ കൊണ്ടുപോകുമെന്നും ബ്രിട്ടീഷ് അധികൃതർ അറിയിച്ചു.
ലോകത്തിലെ ഏറ്റവും ആധുനികമായ യുദ്ധവിമാനങ്ങളിലൊന്നായ എഫ്-35ബി, ജൂൺ 14-നാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. ഇന്ത്യ-യുകെ സംയുക്ത നാവികാഭ്യാസത്തിനിടെ, മോശം കാലാവസ്ഥയും ഇന്ധനക്കുറവും കാരണം വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിലേക്ക് തിരികെ ലാൻഡ് ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു.
വിമാനം സുരക്ഷിതമായി നിലത്തിറക്കിയെങ്കിലും, പിന്നീട് നിലത്തുവെച്ച് ഗുരുതരമായ സാങ്കേതിക തകരാർ (engineering issue) സംഭവിക്കുകയായിരുന്നു. ഇതോടെ വിമാനം പറക്കാൻ കഴിയാത്ത അവസ്ഥയിലായി. വിമാനവാഹിനിയിൽ നിന്നുള്ള എഞ്ചിനീയർമാരും, പിന്നീട് യുകെയിൽ നിന്നെത്തിയ പ്രത്യേക വിദഗ്ധ സംഘവും വിമാനം പരിശോധിച്ചെങ്കിലും, തകരാർ സങ്കീർണ്ണമായതിനാൽ ഇവിടെവെച്ച് നന്നാക്കാൻ കഴിയില്ലെന്ന നിഗമനത്തിൽ എത്തുകയായിരുന്നു.

110 ദശലക്ഷം ഡോളറിലധികം (ഏകദേശം 913 കോടി രൂപ) വിലമതിക്കുന്ന, ഷോർട്ട് ടേക്ക് ഓഫിനും വെർട്ടിക്കൽ ലാൻഡിംഗിനും (STOVL) കഴിവുള്ള അഞ്ചാം തലമുറ വിമാനമാണിത്. വിമാനം അറ്റകുറ്റപ്പണികൾക്കായി വിമാനത്താവളത്തിലെ മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ (MRO) കേന്ദ്രത്തിലേക്ക് മാറ്റാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് പുതിയ തീരുമാനം വരുന്നത്.
പൈലറ്റിനെ ലാൻഡിംഗിന് പിറ്റേദിവസം തന്നെ റോയൽ നേവിയുടെ ഹെലികോപ്റ്ററെത്തി കൊണ്ടുപോയിരുന്നു. വിമാനം എങ്ങനെ യുകെയിലേക്ക് തിരികെ കൊണ്ടുപോകും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.