
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം. എട്ട് ദിവസം നീണ്ടുനിൽക്കുന്ന പര്യടനത്തിൽ ആഫ്രിക്ക, ലാറ്റിനമേരിക്കൻ ഭൂഖണ്ഡങ്ങളിലെ അഞ്ച് രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുക.
പ്രതിരോധ സഹകരണം, ലിഥിയം ഉൾപ്പെടെയുള്ള അപൂർവ ധാതുക്കളിലെ പങ്കാളിത്തം, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ സഹകരണം ഉറപ്പാക്കൽ എന്നിവയാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഇന്ന് (ജൂലൈ 2) ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30-ന് പ്രധാനമന്ത്രി ആദ്യ ലക്ഷ്യസ്ഥാനമായ ഘാനയിലെത്തും. ഘാനയുടെ തലസ്ഥാനമായ അക്രയിലെത്തുന്ന മോദി, പ്രസിഡന്റ് ജോൺ ദ്രാമനി മഹാമയുമായി കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് ഒരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുത്ത ശേഷം, നാളെ ഘാനയിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിക്കും.
ഘാനയ്ക്ക് പുറമെ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ബ്രസീലിൽ നടക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.
ഇന്ത്യയുടെ ആകാശ് മിസൈൽ ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികളിൽ ബ്രസീൽ നേരത്തെ തന്നെ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലിഥിയം പോലുള്ള അപൂർവ ധാതുക്കളാൽ സമ്പന്നമായ അർജന്റീനയുമായി ഖനന രംഗത്തും, കൃഷി, ഊർജ്ജം തുടങ്ങിയ മേഖലകളിലും കൂടുതൽ സഹകരണമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഈ രാജ്യങ്ങളുടെയെല്ലാം ശക്തമായ പിന്തുണ ഉറപ്പാക്കാനും പ്രധാനമന്ത്രിയുടെ സന്ദർശനം ലക്ഷ്യമിടുന്നു.