FootballSports

റൊണാൾഡോയുടെ അൽ നസ്റിന് പുതിയ ഉടമകൾ; സൗദി ഫുട്ബോളിൽ വൻ അഴിച്ചുപണി

റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോളിൽ വൻ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിനും, പ്രമുഖ ക്ലബ്ബുകളായ അൽ ഹിലാൽ, അൽ ഇത്തിഹാദ് എന്നിവയ്ക്കും പുതിയ ഉടമകളെത്തും. ഇതോടെ, സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) നേരിട്ടുള്ള നിയന്ത്രണത്തിൽ നിന്ന് ഈ മൂന്ന് വമ്പൻ ക്ലബ്ബുകളും മാറും.

മാധ്യമപ്രവർത്തകനായ മുഹമ്മദ് അൽ-ബുകൈരിയാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. പുതിയ മാറ്റങ്ങൾ പ്രകാരം, അൽ നസ്റിന്റെ 75 ശതമാനം ഓഹരികൾ റിയാദ് എയർ എന്ന വിമാനക്കമ്പനിയും, അൽ ഇത്തിഹാദിന്റെ 75 ശതമാനം ഓഹരികൾ ജിദ്ദ സെൻട്രൽ ഡെവലപ്‌മെന്റ് കമ്പനിയും (JCDC) ഏറ്റെടുക്കും.

നെയ്മറിന്റെ ക്ലബ്ബായ അൽ ഹിലാലിന്റെ 75 ശതമാനം ഓഹരികൾ കിംഗ്ഡം ഹോൾഡിംഗ് കമ്പനിക്കും കൈമാറും. അതേസമയം, നാലാമത്തെ പ്രമുഖ ക്ലബ്ബായ അൽ അഹ്‌ലി പിഐഎഫിന്റെ നിയന്ത്രണത്തിൽ തന്നെ തുടരും.

2023 ജൂണിലാണ് സൗദിയിലെ നാല് പ്രമുഖ ക്ലബ്ബുകളെയും സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി 75 ശതമാനം ഓഹരികൾ പിഐഎഫ് ഏറ്റെടുത്തത്. ഈ സാമ്പത്തിക പിന്തുണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, കരീം ബെൻസേമ, റിയാദ് മഹ്‌റസ് തുടങ്ങിയ ലോകോത്തര താരങ്ങളെ സൗദി ലീഗിലേക്ക് എത്തിച്ചത്.

പുതിയ മാറ്റങ്ങൾ ക്ലബ്ബുകളുടെ പ്രവർത്തനത്തിൽ കൂടുതൽ പ്രൊഫഷണലിസം കൊണ്ടുവരാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. റിയാദ് എയർ, ജെസിഡിസി എന്നീ കമ്പനികളിൽ പിഐഎഫിന് വലിയൊരു ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. എന്നാൽ, കിംഗ്ഡം ഹോൾഡിംഗ് കമ്പനിയിൽ പിഐഎഫിന് 17% ഓഹരി മാത്രമാണുള്ളത്. ഇത് അൽ ഹിലാലിന് കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരമൊരുക്കും.