
തിരുവനന്തപുരം: തലസ്ഥാനത്ത് പോളിടെക്നിക്ക് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നാടുക്കാട് സ്വദേശി മഹിമ സുരേഷ് (19) ആണ് ഇന്നലെ, തിങ്കളാഴ്ച (ജൂൺ 30) മരിച്ചത്. മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ലാത്തത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.
നരുവാമൂട് ജംഗ്ഷനിൽ കടകൾ നടത്തുന്ന സുരേഷ് കുമാറിന്റെയും ദിവ്യയുടെയും മകളാണ് മഹിമ. കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാം വർഷ കൊമേഴ്‌സ്യൽ പ്രാക്ടീസ് വിദ്യാർത്ഥിനിയും കോളേജ് യൂണിയൻ മാഗസിൻ എഡിറ്ററുമായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. മാതാപിതാക്കൾക്ക് ഭക്ഷണം നൽകാനായി സഹോദരി പുറത്തുപോയതായിരുന്നു.
മഹിമയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ വീടിന്റെ വാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലാണ് കണ്ടത്. തുടർന്ന് പിൻവാതിൽ തകർത്ത് അകത്തുകടന്ന ഇവർ, ഗുരുതരമായി പൊള്ളലേറ്റ മഹിമയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ദുരൂഹതകളില്ലെന്നും ആത്മഹത്യയാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
വാർഡ് മെമ്പർ രാജിത്തിന്റെ വാക്കുകളിൽ, മഹിമ വളരെ സജീവവും എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന കുട്ടിയുമായിരുന്നു. കുടുംബപരമായോ മറ്റു രീതിയിലോ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. മഹിമയുടെ മൊബൈൽ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങൾ ലഭിച്ചാൽ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.