
നടുവേദനയ്ക്ക് കീഹോൾ സർജറി; രാജഗിരി ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ കേസ്, ചികിത്സാപ്പിഴവെന്ന് കുടുംബം
കൊച്ചി: നടുവേദനയെ തുടർന്ന് കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ എറണാകുളം ചുണങ്ങംവേലിയിലെ രാജഗിരി ആശുപത്രിക്ക് എതിരെ പൊലീസ് കേസെടുത്തു.
തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് ഇന്നലെ, തിങ്കളാഴ്ച (ജൂൺ 30) മരിച്ചത്. ശസ്ത്രക്രിയയിലെ പിഴവ് മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ആരോപിച്ച് സഹോദരൻ ബിനു നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
ഡിസ്കിൽ ഞരമ്പ് കയറിയതിനെ തുടർന്നുള്ള നടുവേദനയുമായാണ് ബിജുവിനെ ജൂൺ 25-ന് രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂറോ സർജനായ ഡോ. മനോജിന്റെ നിർദ്ദേശപ്രകാരം ജൂൺ 27-ന് കീഹോൾ ശസ്ത്രക്രിയ നടത്തി. അന്ന് രാത്രി തന്നെ റൂമിലേക്ക് മാറ്റിയ ബിജുവിന് കടുത്ത വയറുവേദന അനുഭവപ്പെടുകയും വയർ വീർത്തുവരികയും ചെയ്തതായി സഹോദരൻ പറയുന്നു. തുടർന്ന് ഗ്യാസ്ട്രോ വിഭാഗത്തിലെ ഡോക്ടർ പരിശോധിച്ച് ഗ്യാസിനുള്ള മരുന്ന് നൽകി.
പിറ്റേന്ന് രാവിലെ ഡോ. മനോജ് എത്തി, ഗ്യാസിന്റെ പ്രശ്നമായതിനാൽ നടക്കാൻ ആവശ്യപ്പെട്ടു. എന്നാൽ നടക്കാൻ ശ്രമിച്ച ബിജു തളർന്നുവീഴുകയായിരുന്നു. പരിശോധനയിൽ രക്തസമ്മർദ്ദം കുറഞ്ഞതായി കണ്ടെത്തി. തുടർന്ന് നടത്തിയ സ്കാനിംഗിലാണ് വയറ്റിൽ ആന്തരിക രക്തസ്രാവം ഉള്ളതായി തിരിച്ചറിഞ്ഞത്. ആദ്യ ശസ്ത്രക്രിയയിലെ പിഴവാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ സമ്മതിച്ചതായി കുടുംബം ആരോപിക്കുന്നു.
തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ ബിജുവിനെ 28-ന് മറ്റൊരു അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതും വൃക്കകളുടെ പ്രവർത്തനം തകരാറിലായതും കാരണം ഡയാലിസിസ് ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നും നിയമപരമായി മുന്നോട്ട് പോകാമെന്നും ആശുപത്രി അധികൃതർ അറിയിച്ചതായും കുടുംബം പറഞ്ഞു.