
പട്ന: 100 കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ റോഡിന് നടുവിൽ മരങ്ങൾ മുറിച്ചുമാറ്റാതെ നിർത്തിയിരിക്കുന്ന വിചിത്ര കാഴ്ച ബീഹാറിൽ. തലസ്ഥാനമായ പട്നയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ജഹാനാബാദിലാണ് അധികൃതരുടെ അനാസ്ഥയുടെ ഈ ‘സ്മാരകം’ സ്ഥിതി ചെയ്യുന്നത്. പാട്ന-ഗയ പ്രധാന പാതയുടെ ഭാഗമായ 7.48 കിലോമീറ്റർ റോഡ് വീതികൂട്ടി നിർമ്മിച്ചപ്പോഴാണ് മരങ്ങൾ നടുവിലായത്.
റോഡിന്റെ ഒത്ത നടുക്ക് നിരനിരയായി നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ വെട്ടിച്ചും തിരിച്ചും പോകേണ്ട അവസ്ഥയിലാണ് വാഹനയാത്രക്കാർ. ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിനോടകം നിരവധി ചെറിയ അപകടങ്ങൾ ഇവിടെ സംഭവിച്ചുകഴിഞ്ഞു.
റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ലാ ഭരണകൂടം വനംവകുപ്പിനെ സമീപിച്ചിരുന്നു. എന്നാൽ, 14 ഹെക്ടർ വനഭൂമിക്ക് പകരം നഷ്ടപരിഹാരം നൽകാതെ മരം മുറിക്കാൻ വനംവകുപ്പ് അനുമതി നൽകിയില്ല. നഷ്ടപരിഹാരം നൽകാൻ ജില്ലാ ഭരണകൂടത്തിന് കഴിയാതെ വന്നതോടെ, അവർ വിചിത്രമായ ഒരു തീരുമാനമെടുത്തു – മരങ്ങളെ അവിടെ നിർത്തി, അതിനുചുറ്റും ടാർ ചെയ്ത് റോഡ് പണി പൂർത്തിയാക്കുകയായിരുന്നു.
റോഡിലെ മരങ്ങൾ ഒരു നേർരേഖയിലുമല്ല നിൽക്കുന്നത്. അതിനാൽ, ഒരു വശത്തുകൂടി മാത്രം ഒഴിഞ്ഞു പോകാനും സാധിക്കില്ല. മരണത്തിലേക്കുള്ള 100 കോടിയുടെ ക്ഷണക്കത്താണിതെന്ന് യാത്രക്കാർ പരിഹസിക്കുന്നു. വലിയൊരു അപകടം സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല. വിഷയത്തിൽ ഇതുവരെ കാര്യമായ ഒരു നടപടിയും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടില്ല.