
ഐപിഎൽ 2025 സീസൺ അവസാനിച്ചെങ്കിലും, അടുത്ത സീസണിലേക്കുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമായിക്കഴിഞ്ഞു. 2026-ലെ മെഗാ ലേലത്തിന് മുന്നോടിയായുള്ള ‘ട്രേഡ് വിൻഡോ’യിൽ നടന്നേക്കാവുന്ന ചില വമ്പൻ കളിക്കാര കൈമാറ്റങ്ങളാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. അതിൽ ഏറ്റവും പ്രധാനം, മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറാനുള്ള സാധ്യതയാണ്.
ഐപിഎൽ നിയമപ്രകാരം, ലേലത്തിന് പുറമെ കളിക്കാരെ പരസ്പരം കൈമാറാൻ ഫ്രാഞ്ചൈസികൾക്ക് അവസരം നൽകുന്നതാണ് ട്രേഡ് വിൻഡോ. കളിക്കാരന്റെയും ഐപിഎൽ ഭരണസമിതിയുടെയും അനുമതിയോടെ ഈ കൈമാറ്റങ്ങൾ സാധ്യമാകും. ക്രിക്കറ്റ് വിദഗ്ധർ മുന്നോട്ട് വെക്കുന്ന, ആരാധകരെ അമ്പരപ്പിച്ചേക്കാവുന്ന 5 ട്രേഡ് സാധ്യതകൾ ഇവയാണ്.
1. സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽസ് ➡️ ചെന്നൈ സൂപ്പർ കിംഗ്‌സ്)
ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നീക്കമാണിത്. എം.എസ്. ധോണിയുടെ പിൻഗാമിയായി ഒരു നായകനെയും വിക്കറ്റ് കീപ്പറെയും ചെന്നൈയ്ക്ക് അത്യാവശ്യമാണ്. ഈ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ കളിക്കാരനാണ് 18 കോടി രൂപ വിലയുള്ള സഞ്ജു സാംസൺ. 2022-ൽ രാജസ്ഥാനെ ഫൈനലിലെത്തിച്ച നായകനാണ് സഞ്ജു.

സാധ്യമായ കൈമാറ്റം: സഞ്ജുവിന് പകരമായി ചെന്നൈയുടെ ആർ. അശ്വിനെയും (₹5 കോടി), ശിവം ദുബെയെയും (₹16.75 കോടി) രാജസ്ഥാന് ലഭിക്കും. ഇത് ചെന്നൈയുടെ നായകസ്ഥാനത്തെ പ്രശ്നം പരിഹരിക്കുമ്പോൾ, രാജസ്ഥാന് മികച്ച ഒരു സ്പിന്നറെയും മധ്യനിര ബാറ്ററെയും നൽകും.
2. വെങ്കടേഷ് അയ്യർ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ➡️ സൺറൈസേഴ്സ് ഹൈദരാബാദ്)
കൊൽക്കത്തയുടെ ലേലത്തിലെ ഏറ്റവും വലിയ പിഴവുകളിലൊന്നായി വിലയിരുത്തപ്പെടുന്ന താരമാണ് വെങ്കടേഷ് അയ്യർ. 11 മത്സരങ്ങളിൽ നിന്ന് വെറും 142 റൺസ് നേടിയ താരത്തിന് വേണ്ടി ടീം ബജറ്റിന്റെ 20% മുടക്കുന്നത് നഷ്ടക്കച്ചവടമാണ്.

ഇഷാൻ കിഷന് പകരക്കാരനെ തേടുന്ന ഹൈദരാബാദിന് വെങ്കടേഷിനെ ആവശ്യമായി വരും. മുൻ സീസണുകളിൽ മൂന്നാം നമ്പറിൽ മികച്ച റെക്കോർഡുള്ള താരമാണ് വെങ്കടേഷ് എന്നത് ഈ കൈമാറ്റത്തിന് സാധ്യത വർധിപ്പിക്കുന്നു.
3. ഗ്ലെൻ മാക്സ്വെൽ (പഞ്ചാബ് കിംഗ്സ് ➡️ ചെന്നൈ/ഗുജറാത്ത് ടൈറ്റൻസ്)

തുടർച്ചയായ സീസണുകളിലെ മോശം പ്രകടനം കാരണം ഗ്ലെൻ മാക്സ്‌വെല്ലിനെ (₹4.20 കോടി) പഞ്ചാബ് കൈമാറാൻ സാധ്യതയുണ്ട്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലെ മികച്ച റെക്കോർഡ് (4 ഇന്നിംഗ്‌സിൽ 176 റൺസ്) അദ്ദേഹത്തിന് സിഎസ്‌കെയിലേക്കുള്ള വഴിതുറന്നേക്കാം. അതല്ലെങ്കിൽ, ഗുജറാത്ത് ടൈറ്റൻസിന്റെ ഗ്ലെൻ ഫിലിപ്സുമായി മാക്സ്‌വെല്ലിനെ വെച്ചുമാറുന്നതും ഇരു ടീമുകൾക്കും ഗുണകരമായേക്കും.
4. ഇഷാൻ കിഷൻ (സൺറൈസേഴ്സ് ഹൈദരാബാദ് ➡️ മുംബൈ ഇന്ത്യൻസ്)

ഒരു സെഞ്ച്വറി നേടിയെങ്കിലും 11.25 കോടി രൂപയുടെ പ്രകടനമികവ് സ്ഥിരമായി പുറത്തെടുക്കാൻ ഇഷാന് സാധിച്ചില്ല. ഓപ്പണർ സ്ഥാനത്ത് നിന്ന് മൂന്നാം നമ്പറിലേക്ക് മാറിയതാണ് ഹൈദരാബാദിൽ താരത്തിന് തിരിച്ചടിയായത്. തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയെത്തുന്നത് ഇഷാന്റെ കരിയറിന് ഗുണകരമാകും. 2020 സീസണിൽ 516 റൺസുമായി മുംബൈയുടെ കിരീട നേട്ടത്തിൽ ഇഷാൻ നിർണായക പങ്കുവഹിച്ചിരുന്നു.
5. ലിയാം ലിവിംഗ്സ്റ്റൺ (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ➡️ മുംബൈ/ലക്നൗ)

ആർസിബി കിരീടം നേടിയെങ്കിലും ലിയാം ലിവിംഗ്സ്റ്റൺ (₹8.75 കോടി) വ്യക്തിഗതമായി പരാജയമായിരുന്നു. 10 മത്സരങ്ങളിൽ നിന്ന് 112 റൺസ് മാത്രമാണ് സമ്പാദ്യം. മധ്യനിരയിൽ ഒരു വെടിക്കെട്ട് താരത്തെ ആവശ്യമുള്ള മുംബൈ ഇന്ത്യൻസോ ലക്നൗ സൂപ്പർ ജയന്റ്സോ ലിവിംഗ്സ്റ്റണെ സ്വന്തമാക്കാൻ ശ്രമിച്ചേക്കാം.