News

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശമ്പള വർധന ജൂലൈയിൽ; വർധന 50 ശതമാനം മുതൽ 100 ശതമാനം വരെ! പെൻഷനും വർദ്ധിപ്പിക്കും

മുഖ്യമന്ത്രിയുടെയും എം എൽ എമാരുടെയും ശമ്പളം വർദ്ധിപ്പിക്കും. 50 ശതമാനം മുതൽ 100 ശതമാനം വരെ ശമ്പളത്തിൽ വർധന ഉണ്ടാകും. ജൂലൈ മാസം നടക്കുന്ന നിയമസഭ സമ്മേളനത്തിൽ ആണ് ഇവരുടെ ശമ്പളം വർദ്ധിപ്പിക്കുന്നത്.

2018ലാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും അവസാനമായി ശമ്പളം വർദ്ധിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽനിന്ന് 97,429 രൂപയാക്കി. എംഎൽഎമാരുടെ ശമ്പളവും അലവൻസും 39,500 രൂപയിൽനിന്ന് 70,000 രൂപയാക്കി. ഇപ്പോൾ ശമ്പളത്തിൽ 50 ശതമാനം മുതൽ 100 ശതമാനം വരെയുള്ള വർദ്ധനക്കുള്ള കരടാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും വീട് നിർമിക്കുന്നതിനും വാഹനം വാങ്ങുന്നതിനും ഉള്ള പലിശരഹിത വായ്പയും വർദ്ധിപ്പിക്കും. രോഗം വന്നാൽ വിദേശത്തുൾപ്പെടെ ചികിത്സിക്കുന്നതിനുള്ള ചെലവു സർക്കാർ വഹിക്കും. ഇതിനും പരിധിയില്ല. ജീവിതപങ്കാളിക്കും കുടുംബത്തിനും ചികിത്സ ചെലവും വകയാണ്.

മുൻ നിയമസഭാംഗങ്ങൾക്കും ചികിത്സച്ചെലവിന് അർഹതയുണ്ട്. കാലാവധി കഴിഞ്ഞ നിയമസഭാംഗങ്ങൾക്കുള്ള പെൻഷനിലും 50 ശതമാനം വർധന ഉണ്ടാകും.