
വിവാദങ്ങളുടെ കേന്ദ്രത്തിലേക്ക് ആദ്യയാത്ര; ഡിജിപിയായി ചുമതലയേൽക്കുന്ന റവാഡ ചന്ദ്രശേഖർ നാളെ മുഖ്യമന്ത്രിയോടൊപ്പം കണ്ണൂരിൽ
തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരിൽ സിപിഎമ്മിനുള്ളിൽ അമർഷം പുകയുന്നതിനിടെ, സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നാളെ ചുമതലയേൽക്കും. സ്ഥാനമേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടി, വിവാദങ്ങൾക്ക് തിരികൊളുത്തിയ കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണെന്നത് രാഷ്ട്രീയമായി ഏറെ ശ്രദ്ധ നേടുന്നു.
ഇന്ന് രാത്രിയോടെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തുന്ന റവാഡ ചന്ദ്രശേഖർ, നാളെ (ജൂലൈ 1, ചൊവ്വാഴ്ച) രാവിലെ 7 മണിക്ക് പോലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഡിജിപിയായി ഔദ്യോഗികമായി ചുമതലയേൽക്കും. ഇതിന് ശേഷമാണ് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം വിമാനമാർഗ്ഗം കണ്ണൂരിലേക്ക് തിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി നിർബന്ധമായും പങ്കെടുക്കേണ്ട യോഗമാണിത്.
സിപിഎമ്മിൽ അമർഷം പുകയുന്നു
1994-ൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവാഡ ചന്ദ്രശേഖറിന്റെ നിയമനം സിപിഎമ്മിൽ വലിയ അസ്വസ്ഥതകളാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനമായതിനാൽ നേതാക്കൾ പരസ്യവിമർശനത്തിന് മുതിരുന്നില്ലെങ്കിലും, പി. ജയരാജനെപ്പോലുള്ളവർ പരോക്ഷമായി എതിർപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു.
വെടിവെപ്പുണ്ടായ സമരത്തിന് നേതൃത്വം നൽകിയ നേതാക്കളിലൊരാളായ പി. ജയരാജൻ, നിയമനത്തിന് പിന്നാലെ കൂത്തുപറമ്പ് സംഭവം ഓർമ്മിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഈ നിയമനത്തിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
കൂത്തുപറമ്പ് രക്തസാക്ഷിത്വം വൈകാരിക വിഷയമായി കാണുന്ന കണ്ണൂരിലെ പാർട്ടി അണികൾക്കിടയിൽ റവാഡയുടെ നിയമനം വലിയ അമർഷമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്, ഡിജിപിയായുള്ള ആദ്യ ഔദ്യോഗിക പരിപാടിക്കായി അദ്ദേഹം കണ്ണൂരിലെത്തുന്നതും മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.