
കിഫ്ബി പൊളിയാണ് മോനേ പൊളി! ജീവനക്കാർക്ക് ശമ്പളത്തോടൊപ്പം എല്ലാ മാസവും 20000 രൂപയും; സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ധൂർത്തുമായി കിഫ്ബി
കിഫ്ബി പൊളിയാണ് മോനേ പൊളി. ജീവനക്കാർക്കിടയിലെ ചർച്ച വിഷയമാണ് കിഫ് ബിയിലെ പ്രൊജക്ട് അലവൻസ്. ക്ഷാമബത്ത കുടിശിക 18 ശതമാനമായി ഉയർന്നതോടെ സംസ്ഥാനത്തെ ജീവനക്കാർ പ്രതിസന്ധിയിലാണ്. എന്നാൽ ഈ പ്രതിസന്ധി കിഫ്ബിയിലെ ജീവനക്കാർക്ക് ബാധകമല്ല. അതിൻ്റെ പ്രധാന കാരണം ശമ്പളത്തോടൊപ്പം അധികമായി 20000 രൂപ ഇവർക്ക് എല്ലാ മാസവും ലഭിക്കും.
പ്രൊജക്ട് അലവൻസ് എന്ന ഓമന പേരിലാണ് 20000 രൂപ പ്രതിമാസം ലഭിക്കുന്നത്. കിഫ് ബിയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ പ്രൊജക്ട് അലവൻസ് 20,000 രൂപയായിട്ട് വർദ്ധിപ്പിച്ചു. നേരത്തെ ഇത് 10,000 രൂപ ആയിരുന്നു. കിഫ് ബിയുടെ തുടക്കത്തിൽ 5000 രൂപയായിരുന്നു പ്രൊജക്ട് അലവൻസ്. കിഫ്ബിയിലെ കരാർ ജീവനക്കാർക്ക് ഉയർന്ന ശമ്പളമാണ് ലഭിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് അവരുടെ വകുപ്പുകളിലെ ശമ്പളമായിരുന്നു ലഭിച്ചിരുന്നത്. കരാർ ജീവനക്കാരുടെ ശമ്പളത്തിന് ആനുപാതികമായിട്ട് സർക്കാർ ജീവനക്കാർക്കും ശമ്പളം നൽകാനാണ് പ്രൊജക്ട് അലവൻസ് ആരംഭിച്ചത്.
എല്ലാ മാസവും ശമ്പളത്തോടൊപ്പം പ്രൊജക്ട് അലവൻസായി 20,000 രൂപ അധികമായി ലഭിക്കും. തസ്തിക വ്യത്യാസം ഇല്ലാതെ എല്ലാവർക്കും 20000 രൂപയാണ് പ്രൊജക്ട് അലവൻസ്. പ്രൊജക്ട് അലവൻസ് 20000 രൂപയായി ഉയർത്തിയതോടെ കിഫ്ബിയിൽ ജോലി ചെയ്യാൻ ഉദ്യോഗസ്ഥർ മൽസരിക്കുകയാണ്. കിഫ്ബി സി.ഇ. ഒ കെ.എം എബ്രഹാമിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ കിഫ്ബിയിൽ നിയമനം ലഭിക്കൂ എന്നതാണ് അവസ്ഥ.
ഓരോ വർഷവും 10 ശതമാനം വീതം ശമ്പള വർധന ലഭിക്കുന്ന ആളാണ് കിഫ്ബി സി ഇ ഒ കെ.എം. എബ്രഹാം. 5 തവണയാണ് എബ്രഹാമിന്റെ ശമ്പളം വർദ്ധിപ്പിച്ചത്. 50 ശതമാനം വർധനവ് എബ്രഹാമിന്റെ ശമ്പളത്തിൽ വർദ്ധിപ്പിച്ചു. 2024 ഒക്ടോബർ 8 ന് കെ.എൻ. ബാലഗോപാൽ നിയമസഭയിൽ നൽകിയ മറുപടി പ്രകാരം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആയി എബ്രഹാമിന് ലഭിച്ചത് 2,73,23,704 രൂപയാണ്. ശമ്പള ഇനത്തിൽ 2,66,19,704 രൂപയും ലീവ് സറണ്ടർ ആയി 6,84,750 രൂപയും ഉൽസവ ബത്തയായി 19,250 രൂപയും എബ്രഹാം കൈപ്പറ്റിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിൽ കെ.എം. എബ്രഹാമിന്റെ ശമ്പളം 3,87,750 രൂപയാണ്. 3 കോടി രൂപക്ക് മുകളിൽ ശമ്പളവും ആനുകൂല്യങ്ങളുമായി ഖജനാവിൽ നിന്ന് എബ്രഹാമിൻ്റെ പോക്കറ്റിലേക്ക് ഒഴുകി.
വേതന വർധനവിനായി 5 മാസമായി ആശ വർക്കർമാർ സമരം ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരാണ് ശമ്പളത്തോടൊപ്പം 20000 രൂപ കിഫ്ബി ഉദ്യോഗസ്ഥർക്ക് നൽകുന്നത്. ആശ വർക്കർമാർ സമരം ചെയ്യുന്ന സെക്രട്ടറിയേറ്റിന് മുന്നിൽ തന്നെയാണ് കിഫ് ബിയുടെ ഓഫിസും.