CricketSports

ഡിആർഎസിലെ ‘അമ്പയേഴ്സ് കോൾ’ ഇനി ബാറ്റ്സ്മാന് പണിയാകും; ടെസ്റ്റിൽ സ്റ്റോപ്പ് ക്ലോക്കും; ക്രിക്കറ്റിൽ വൻ നിയമഭേദഗതി

ദുബായ്: ക്രിക്കറ്റ് നിയമങ്ങളിൽ വൻ അഴിച്ചുപണിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഡിആർഎസിലെ (DRS) അമ്പയേഴ്സ് കോൾ മുതൽ ടെസ്റ്റ് ക്രിക്കറ്റിലെ സ്റ്റോപ്പ് ക്ലോക്ക് വരെ, കളിയിൽ വലിയ സ്വാധീനം ചെലുത്തുന്ന നിരവധി പുതിയ നിയമഭേദഗതികളാണ് ഐസിസി അംഗീകരിച്ചിരിക്കുന്നത്. ഏകദിന, ടി20 മത്സരങ്ങളിൽ ജൂലൈ 2 മുതലും, ടെസ്റ്റ് ക്രിക്കറ്റിൽ 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിൾ മുതലും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.

പ്രധാന മാറ്റങ്ങൾ ഇവയാണ്:

1. ഡിആർഎസിലെ ‘അമ്പയേഴ്സ് കോൾ’ ഇനി ഔട്ട്! ഇതാണ് ഏറ്റവും നിർണായകമായ മാറ്റം. ഉദാഹരണത്തിന്, ഒരു ബാറ്റ്സ്മാനെ അമ്പയർ കോട്ട് ബിഹൈൻഡ് ഔട്ട് വിളിക്കുന്നു. ബാറ്റ്സ്മാൻ ഡിആർഎസ് എടുക്കുന്നു. റീപ്ലേയിൽ പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്നും പാഡിലാണ് കൊണ്ടതെന്നും വ്യക്തമാകുന്നു. ഇതോടെ ടിവി അമ്പയർ എൽബിഡബ്ല്യു പരിശോധിക്കും.

  • പഴയ നിയമം: ഈ സാഹചര്യത്തിൽ, എൽബിഡബ്ല്യു പരിശോധിക്കുമ്പോൾ ഓൺ-ഫീൽഡ് തീരുമാനം ‘നോട്ട് ഔട്ട്’ ആയി കണക്കാക്കും. അതിനാൽ, ബോൾ ട്രാക്കിംഗിൽ ‘അമ്പയേഴ്സ് കോൾ’ വന്നാൽ ബാറ്റ്സ്മാൻ നോട്ടൗട്ടായി തുടരും.
  • പുതിയ നിയമം: ഇനി മുതൽ, ഈ സാഹചര്യത്തിൽ എൽബിഡബ്ല്യു പരിശോധിക്കുമ്പോൾ, ഓൺ-ഫീൽഡ് തീരുമാനമായ ‘ഔട്ട്’ തന്നെ പരിഗണിക്കും. അതിനാൽ, ബോൾ ട്രാക്കിംഗിൽ ‘അമ്പയേഴ്സ് കോൾ’ വന്നാൽ ബാറ്റ്സ്മാൻ ഔട്ടായി പുറത്തുപോകണം.

2. ടെസ്റ്റ് ക്രിക്കറ്റിലും ഇനി ‘സ്റ്റോപ്പ് ക്ലോക്ക്’ ഏകദിന, ടി20 മത്സരങ്ങളിലേതുപോലെ, ടെസ്റ്റ് ക്രിക്കറ്റിലും ഓവർ നിരക്ക് നിയന്ത്രിക്കാൻ സ്റ്റോപ്പ് ക്ലോക്ക് വരുന്നു. ഒരു ഓവർ കഴിഞ്ഞ് 60 സെക്കൻഡിനുള്ളിൽ അടുത്ത ഓവർ എറിയാൻ ഫീൽഡിംഗ് ടീം തയ്യാറാകണം. രണ്ട് തവണ മുന്നറിയിപ്പ് നൽകിയ ശേഷവും വൈകിയാൽ, ബാറ്റിംഗ് ടീമിന് 5 റൺസ് പെനാൽറ്റിയായി ലഭിക്കും.

3. ഉമിനീർ പുരട്ടിയാൽ പന്ത് മാറ്റില്ല പന്തിൽ ഉമിനീർ പുരട്ടുന്നതിനുള്ള വിലക്ക് തുടരും. എന്നാൽ, ആരെങ്കിലും മനഃപൂർവ്വം പന്തിൽ ഉമിനീർ പുരട്ടിയാൽ (ഉദാഹരണത്തിന്, പന്ത് മാറ്റിക്കിട്ടാൻ വേണ്ടി), അമ്പയർമാർ ഉടൻ തന്നെ പന്ത് മാറ്റണമെന്നില്ല. പന്തിന്റെ അവസ്ഥയിൽ കാര്യമായ മാറ്റം വന്നാൽ മാത്രമേ ഇനി പന്ത് മാറ്റൂ. ഇത് അമ്പയർമാരുടെ വിവേചനാധികാരമായിരിക്കും.

4. ‘ഷോർട്ട് റൺ’ ഓടിയാൽ പണി കിട്ടും റൺസ് ഓടുന്നതിനിടയിൽ ഒരു ബാറ്റ്സ്മാൻ മനഃപൂർവ്വം ക്രീസിൽ തൊടാതെ ‘ഷോർട്ട് റൺ’ ഓടിയാൽ, പഴയ 5 റൺസ് പെനാൽറ്റിക്ക് പുറമെ, അടുത്ത പന്ത് ആര് സ്ട്രൈക്ക് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഫീൽഡിംഗ് ടീമിന് ലഭിക്കും.

ഇവ കൂടാതെ, ഒരുമിച്ച് വരുന്ന റിവ്യൂകൾ കാലക്രമത്തിൽ പരിശോധിക്കാനും, നോ-ബോളിലെ ക്യാച്ചിന്റെ നിയമസാധുത പരിശോധിക്കാനും പുതിയ നിയമങ്ങളിൽ വ്യവസ്ഥയുണ്ട്.