News

‘പിണറായി 3’ എന്ന് കേൾക്കുമ്പോൾ ജനം തലയിൽ കൈവെക്കും; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: “മൂന്നാം പിണറായി സർക്കാർ എന്ന് കേൾക്കുമ്പോൾ ജനങ്ങൾ തലയിൽ കൈവെക്കുന്ന അവസ്ഥയാണ്. സിപിഎം ആ പേര് പറഞ്ഞ് പ്രചാരണം നടത്തുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് സാധാരണക്കാർ പറയുന്നു, അതിന്റെ ഉദാഹരണമാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വിജയം,” സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ചരിത്രത്തിൽ ഇതുപോലെ ദ്രോഹിച്ച മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിനെതിരെ രൂക്ഷ വിമർശനം

പ്രതിപക്ഷ നേതാവിന്റെ വാക്കുകളിൽ നിന്ന്:

  • ജീവനക്കാരോടുള്ള അവഗണന: “പഴയ ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക പോലും കൊടുത്ത് തീർത്തിട്ടില്ല. ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഒരു ലക്ഷം കോടി രൂപയോളം സർക്കാർ കൊടുത്തുതീർക്കാനുണ്ട്. ഈ സർക്കാരിന്റെ ഏറ്റവും വലിയ ഇരകൾ സർക്കാർ ജീവനക്കാരാണ്.”
  • ഖജനാവിലെ അവസ്ഥ: “ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയാണ്. അടുത്തമാസം ശമ്പളം കൊടുക്കുമെന്ന് പറയുന്നത് വലിയ ക്രെഡിറ്റായി കാണുന്ന ഒരു ധനമന്ത്രിയാണ് നമുക്കുള്ളത്.”
  • പൊതുവിതരണം താളംതെറ്റി: “മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങളില്ല. വിതരണക്കാർക്ക് കോടിക്കണക്കിന് രൂപ കുടിശ്ശികയാണ്.”
  • വൈദ്യുതി ചാർജ് വർധന: “ആറ് മാസത്തിനുള്ളിൽ മൂന്ന് തവണയാണ് വൈദ്യുതി ചാർജ് കൂട്ടിയത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ ലാഭകരമായ വൈദ്യുതി കരാർ അദാനിക്ക് വേണ്ടി റദ്ദാക്കി.”
  • ധൂർത്ത്: “മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യാൻ മാസം 8 ലക്ഷം രൂപയാണ് ചെലവ്. ഞാനെന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് ഒരു പൈസയുടെ ചെലവില്ലാതെയാണ്.”

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ, രാജ്യത്തിന് മാതൃകയാക്കാവുന്ന തരത്തിൽ സെക്രട്ടേറിയറ്റ് സംവിധാനം പരിഷ്കരിക്കുമെന്നും വി.ഡി. സതീശൻ വാഗ്ദാനം ചെയ്തു.

ഇടതുമുന്നണിയുടെ ദുരിതഭരണത്തിന്റെ അന്ത്യം നിലമ്പൂരിൽ കുറിച്ചുവെന്ന് ചടങ്ങിൽ സംസാരിച്ച മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ പറഞ്ഞു. സർക്കാർ ജീവനക്കാർക്കെതിരായ ദ്രോഹ നടപടികൾക്ക് തിരിച്ചടി ലഭിച്ചു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.