DefenceNews

പറക്കുന്ന പ്രേതം ബി-2 ബോംബറിന് പിന്നിലെ ‘ഇന്ത്യൻ തലച്ചോറ്’; ചൈനയ്ക്കായി ചാരവൃത്തി, ശിക്ഷ 32 വർഷം തടവ്

ന്യൂഡൽഹി: കഴിഞ്ഞയാഴ്ച ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്കൻ ബി-2 ബോംബറുകൾ നടത്തിയ ആക്രമണം ലോകം ഞെട്ടലോടെയാണ് കണ്ടത്. എന്നാൽ, ‘പറക്കുന്ന പ്രേതം’ എന്ന് വിളിപ്പേരുള്ള ഈ അത്യാധുനിക ബോംബർ വിമാനങ്ങൾ വാർത്തകളിൽ നിറയുമ്പോൾ, അതിന്റെ നിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ച മുംബൈ സ്വദേശിയായ ഒരു ഇന്ത്യൻ-അമേരിക്കൻ എഞ്ചിനീയറുടെ ചാരക്കഥയും വീണ്ടും ചർച്ചയാവുകയാണ്.

80-കാരനായ നോഷിർ ഗൊവാഡിയയാണ് ആ എഞ്ചിനീയർ. അമേരിക്കയുടെ അഭിമാനമായ ബി-2 ബോംബറിന്റെ പ്രൊപ്പൽഷൻ സിസ്റ്റം (പുറന്തള്ളൽ സംവിധാനം) രൂപകൽപ്പന ചെയ്തത് അദ്ദേഹത്തിന്റെ പ്രതിഭയായിരുന്നു. എന്നാൽ, രാജ്യത്തിന്റെ സൈനിക രഹസ്യങ്ങൾ ചൈനക്ക് ചോർത്തി നൽകിയെന്ന കുറ്റത്തിന് 2011-ൽ അദ്ദേഹം ജയിലിലായി. 32 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.

പ്രതിഭയിൽ നിന്ന് ചാരനിലേക്ക്

1960-കളിൽ അമേരിക്കയിലേക്ക് കുടിയേറിയ ഗൊവാഡിയ, പത്ത് വർഷത്തിന് ശേഷം പൗരത്വം നേടി. ബി-2 ബോംബർ പദ്ധതിയിൽ നിർണായക പങ്ക് വഹിച്ചെങ്കിലും, പിന്നീട് പണത്തിനായി രാജ്യത്തെ ഒറ്റുകൊടുക്കുകയായിരുന്നു. ചൈനയുടെ സ്റ്റെൽത്ത് ക്രൂയിസ് മിസൈൽ വികസിപ്പിക്കാൻ സഹായിക്കുന്ന അതീവ രഹസ്യമായ സൈനിക വിവരങ്ങളാണ് അദ്ദേഹം കൈമാറിയത്.

2003-നും 2005-നും ഇടയിൽ പലതവണ ചൈന സന്ദർശിച്ച ഗൊവാഡിയ, ചൈനീസ് ഉദ്യോഗസ്ഥരിൽ നിന്ന് 110,000 ഡോളർ കൈപ്പറ്റിയതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ഈ പണം ഉപയോഗിച്ച് അദ്ദേഹം മൗവിയിലെ ആഡംബര വീടിന്റെ ലോൺ അടച്ചുതീർത്തു.

താ‍ൻ പരസ്യമായി ലഭ്യമായ വിവരങ്ങൾ മാത്രമാണ് കൈമാറിയതെന്നായിരുന്നു ഗൊവാഡിയയുടെ വാദം. എന്നാൽ, “അമേരിക്കയോടുള്ള കൂറ് ലംഘിച്ചു” എന്നും “വ്യക്തിപരമായ നേട്ടങ്ങൾക്കായി വിലപ്പെട്ട സാങ്കേതികവിദ്യ വിദേശ രാജ്യങ്ങൾക്ക് വിപണനം ചെയ്തു” എന്നും കണ്ടെത്തിയ ഹവായ് കോടതി, അദ്ദേഹത്തെ 32 വർഷത്തെ കഠിനതടവിന് ശിക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ജൂൺ 22-ന് ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ എന്ന പേരിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ, ഏഴ് ബി-2 ബോംബറുകളാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ നാശം വിതച്ചത്. അമേരിക്കൻ സൈനിക ശക്തിയുടെ പ്രതീകമായ ഈ വിമാനത്തിന്റെ പിന്നിലെ ഇന്ത്യൻ ബുദ്ധിയുടെ കഥ, പ്രതിഭയും വഞ്ചനയും ഇടകലർന്ന ഒരു ഓർമ്മപ്പെടുത്തലായി മാറുകയാണ്.