News

ഖജനാവ് കാലി, ജഡ്ജിമാർക്ക് 9 കോടിയുടെ പുതിയ കാറുകൾ; ധനവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രിയുടെ ‘കനിവ്’

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഹൈക്കോടതി ജഡ്ജിമാർക്കായി 9 കോടി രൂപ ചെലവിൽ 32 പുതിയ വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധനവകുപ്പും ധനമന്ത്രി കെ.എൻ. ബാലഗോപാലും എതിർത്തിട്ടും, ഈ എതിർപ്പുകൾ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകിയത്. ജൂൺ 18-ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ രേഖകളിലാണ് ഈ സുപ്രധാന വിവരങ്ങളുള്ളത്.

ധനവകുപ്പിന്റെ എതിർപ്പ്

മന്ത്രിമാർ പോലും ലക്ഷക്കണക്കിന് കിലോമീറ്റർ ഓടിയ പഴയ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ, ജഡ്ജിമാർക്ക് വേണ്ടി ഇത്രയും വലിയ തുക ചെലവഴിക്കുന്നത് അനുചിതമാണെന്ന് ധനവകുപ്പ് ഫയലിൽ കുറിച്ചു. “മന്ത്രിമാർ നിലവിൽ ഉപയോഗിക്കുന്ന പല കാറുകളും 1 ലക്ഷം മുതൽ 3.75 ലക്ഷം കിലോമീറ്റർ വരെ സഞ്ചരിച്ചവയാണ്.

ഈ വസ്തുതയും സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും പരിഗണിച്ച് 9 കോടി രൂപ ചെലവഴിച്ച് പുതിയ കാറുകൾ വാങ്ങുന്നതിന് അനുമതി നൽകുന്നത് ഉചിതമല്ല,” എന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ധനമന്ത്രി കെ.എൻ. ബാലഗോപാലും ഈ അഭിപ്രായത്തോട് പൂർണ്ണമായി യോജിച്ചു.

മുഖ്യമന്ത്രിയുടെ ഇടപെടൽ

ധനവകുപ്പ് എതിർപ്പ് രേഖപ്പെടുത്തിയതോടെ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടു. എന്നാൽ, ഹൈക്കോടതിയുടെ ആവശ്യം അംഗീകരിക്കാവുന്നതാണെന്നും ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.

10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള വാഹനങ്ങൾ വാങ്ങുന്നതിന് മന്ത്രിസഭയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വിഷയം മന്ത്രിസഭയുടെ അടിയന്തര പരിഗണനയ്ക്ക് വന്നതും അംഗീകാരം ലഭിച്ചതും.

80,000 കിലോമീറ്ററിൽ കൂടുതൽ ഓടിയതോ അഞ്ച് വർഷം പഴക്കമുള്ളതോ ആയ കാറുകൾ മാറ്റാമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി പുതിയ വാഹനങ്ങൾക്കായി സർക്കാരിനെ സമീപിച്ചത്. 32 ടൊയോട്ട ഇന്നോവ ഹൈക്രോസ് VX(O) മോഡൽ കാറുകളാണ് ജഡ്ജിമാർക്കായി വാങ്ങുന്നത്.