InternationalNews

ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം

ദോഹ/ബാഗ്ദാദ്: ഖത്തറിലെയും ഇറാഖിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് കനത്ത തിരിച്ചടിയായാണ് ഇറാന്റെ ഈ നീക്കം. ഇതോടെ അതീവ സംഘർഷഭരിതമായ മേഖല കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങി.

തിങ്കളാഴ്ച രാത്രി ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ആകാശത്ത് മിസൈലുകൾ ചീറിപ്പായുകയും അവയെ പ്രതിരോധിക്കുന്ന ഇന്റർസെപ്റ്ററുകൾ പ്രവർത്തിക്കുകയും ചെയ്തതോടെ ജനങ്ങൾ ഭീതിയോടെ നോക്കിനിന്നു. ഖത്തറിലെ അൽ ഉദെയ്ദ് വ്യോമതാവളത്തിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ അറിയിച്ചു. “അമേരിക്കൻ അതിക്രമത്തിന് (aggression) മറുപടിയായി “ശക്തവും വിജയകരവുമായ പ്രതികരണം” എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള അറിയിപ്പിനൊപ്പം സൈനിക പശ്ചാത്തല സംഗീതവും നൽകിയിരുന്നു.

ഇതോടൊപ്പം, പടിഞ്ഞാറൻ ഇറാഖിലെ ഐൻ അൽ-അസദ് യുഎസ് സൈനിക താവളവും ഇറാൻ ലക്ഷ്യമിട്ടതായി ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് സ്ഥിരീകരിച്ചു. ഇറാനിൽ നിന്നുള്ള ഭീഷണികളെത്തുടർന്ന് ഖത്തർ തങ്ങളുടെ വ്യോമപാത അടച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങൾ നടന്നത്.

സ്ഫോടനങ്ങൾക്ക് തൊട്ടുമുമ്പ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എക്സ് പ്ലാറ്റ്‌ഫോമിൽ ഇങ്ങനെ കുറിച്ചു: “ഞങ്ങൾ യുദ്ധം തുടങ്ങിവെക്കുകയോ അത് ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. എന്നാൽ മഹത്തായ ഇറാനെതിരായ കടന്നുകയറ്റത്തിന് മറുപടി നൽകാതിരിക്കില്ല.”

സംഘർഷങ്ങളുടെ പശ്ചാത്തലം

ഇറാനും ഇസ്രായേലും തമ്മിൽ കഴിഞ്ഞ 11 ദിവസമായി തുടരുന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് അമേരിക്കൻ ഇടപെടലും ഇറാന്റെ തിരിച്ചടിയും. ഇറാന്റെ ആണവ പദ്ധതികളെ ലക്ഷ്യം വെച്ചാണ് ഇസ്രായേൽ ആക്രമണം തുടങ്ങിയത്. ഇതിനിടെ ടെഹ്‌റാനിലെ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന കുപ്രസിദ്ധമായ എവിൻ ജയിലിന്റെ ഗേറ്റിലും പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന സൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് അമേരിക്കയുടെ അപ്രതീക്ഷിത നീക്കം. ഞായറാഴ്ച (ജൂൺ 22), യുഎസ് സ്റ്റെൽത്ത് ബോംബറുകൾ ഉപയോഗിച്ച് ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ ശക്തമായ ‘ബങ്കർ-ബസ്റ്റർ’ ബോംബുകൾ വർഷിച്ചു. ഈ നീക്കം ഒരു “വലിയ ചുവപ്പ് രേഖ” മറികടന്നതായി ഇറാൻ പ്രതികരിച്ചിരുന്നു. ഇതോടെയാണ് അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ നേരിട്ടുള്ള തിരിച്ചടിക്ക് ഇറാൻ മുതിർന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “ഭരണമാറ്റം” എന്ന സാധ്യതയെക്കുറിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തതും ഇറാന്റെ പ്രകോപനം വർദ്ധിപ്പിച്ചു. എന്നാൽ ഇത് ഒരു ചോദ്യം മാത്രമായിരുന്നുവെന്ന് വൈറ്റ് ഹൗസ് പിന്നീട് വിശദീകരിച്ചു.

ഗസ്സയിലെ ഇസ്രായേൽ-ഹമാസ് യുദ്ധം കാരണം കലുഷിതമായ പശ്ചിമേഷ്യൻ സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. റഷ്യ അടക്കമുള്ള ലോകരാജ്യങ്ങൾ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിക്കുകയും സംയമനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.