
ഒരു കയ്യിൽ ‘പാവങ്ങൾ’, മറുകയ്യിൽ 95 ബില്യൺ ഡോളർ; ആയത്തൊള്ള ഖമേനിയുടെ യഥാർത്ഥ മുഖം
ടെഹ്‌റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയെ യുദ്ധത്തിന്റെ വക്കിൽ നിർത്തുമ്പോൾ, ലോകം ഉറ്റുനോക്കുന്നത് ഒരാളുടെ തീരുമാനത്തിനായാണ് – ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി.
86-ാം വയസ്സിലും ഇറാന്റെ സൈനിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളെ പൂർണ്ണമായി നിയന്ത്രിക്കുന്ന ഈ ഭരണാധികാരി, വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒരു വ്യക്തിത്വമാണ്. 95 ബില്യൺ ഡോളറിന്റെ (ഏകദേശം 8 ലക്ഷം കോടി രൂപ) സാമ്പത്തിക സാമ്രാജ്യത്തിന് ഉടമയായ ഖമേനി, വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ (Les Misérables) എന്ന വിഖ്യാത നോവലിന്റെ കടുത്ത ആരാധകനാണെന്നത് പലർക്കും പുതിയ അറിവായിരിക്കും.
ഇറാന്റെ ഉരുക്കുമുഷ്ടിയായ ഈ ഭരണാധികാരിയുടെ അധികം ആരുമറിയാത്ത ചില കാര്യങ്ങൾ ഇതാ.
1. തടവറയിൽ നിന്ന് പരമോന്നത അധികാരത്തിലേക്ക്
അമേരിക്കൻ പിന്തുണയോടെ ഭരിച്ചിരുന്ന ഷായുടെ ഭരണകാലത്ത് ഒരു രാഷ്ട്രീയ തടവുകാരനായിരുന്നു ഖമേനി. എന്നാൽ, 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആയത്തൊള്ള ഖൊമേനിയുമായുള്ള അടുപ്പം അദ്ദേഹത്തെ അധികാരത്തിന്റെ ഉന്നതിയിലെത്തിച്ചു. 1989-ൽ ഖൊമേനിയുടെ മരണശേഷം, ഉയർന്ന മതപണ്ഡിതൻ അല്ലാതിരുന്നിട്ടും, ഇറാൻ-ഇറാഖ് യുദ്ധകാലത്തെ നേതൃപാടവം അദ്ദേഹത്തെ പരമോന്നത നേതാവ് എന്ന പദവിയിലേക്ക് ഉയർത്തി.
2. 95 ബില്യൺ ഡോളറിന്റെ ‘നിഴൽ’ സാമ്രാജ്യം
ഇറാനെ ഭരിക്കുന്നതിന് പുറമെ, രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ശൃംഖലയും നിയന്ത്രിക്കുന്നത് ഖമേനിയാണ്. ‘സേതാദ്’ (Setad) എന്ന രഹസ്യ സ്വഭാവമുള്ള ഈ സംഘടനയ്ക്ക് കീഴിൽ എണ്ണ, ടെലികോം, ധനകാര്യം തുടങ്ങി ഒട്ടക ഫാമുകൾ വരെ പ്രവർത്തിക്കുന്നു. റോയിട്ടേഴ്‌സ് നടത്തിയ ഒരു അന്വേഷണം പ്രകാരം, ഈ സാമ്രാജ്യത്തിന്റെ മൂല്യം 95 ബില്യൺ ഡോളറാണ്.
3. ഖമേനിയുടെ വാളും പരിചയും – റവല്യൂഷണറി ഗാർഡ്
ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വെറുമൊരു സൈന്യമല്ല, മറിച്ച് രാജ്യത്തിനകത്തെ മറ്റൊരു ഭരണകൂടമാണ്. ഇറാന്റെ മിസൈൽ പദ്ധതി, ഡ്രോൺ യുദ്ധമുറ, ആണവ പദ്ധതികൾ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ഈ സേനയാണ്. ഖമേനിയുടെ വിശ്വസ്തരായ ഇവർ, അദ്ദേഹത്തിന്റെ നയങ്ങൾ രാജ്യത്തിനകത്തും പുറത്തും നടപ്പിലാക്കുന്നു.
4. പ്രസിഡന്റുമാർ വരും, പോകും; ഖമേനി അവിടെത്തന്നെയുണ്ടാകും
ഇറാനിൽ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാർ ഉണ്ടെങ്കിലും, അന്തിമ തീരുമാനം എപ്പോഴും ഖമേനിയുടേതാണ്. വിദേശനയം, സൈനിക നടപടി, തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ അനുമതിയോടെ മാത്രമേ നടക്കൂ.
5. ‘പാവങ്ങളു’ടെ ആരാധകൻ
കടുത്ത ഭരണാധികാരി എന്ന പ്രതിച്ഛായയ്ക്ക് പിന്നിൽ, ക്ലാസിക് സാഹിത്യത്തെ സ്നേഹിക്കുന്ന ഒരു വായനക്കാരനുമുണ്ട്. വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ ഒരു “അത്ഭുതകരമായ” നോവലാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അത് വായിക്കാൻ യുവാക്കളോട് ശുപാർശ ചെയ്തിട്ടുണ്ട്. വിപ്ലവത്തെയും സാമൂഹിക നീതിയെയും കുറിച്ചുള്ള ഒരു കഥയെ, ഒരു തികഞ്ഞ ഏകാധിപത്യ ഭരണകൂടത്തിന്റെ തലവൻ പ്രശംസിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ വൈരുദ്ധ്യമായി പലരും ചൂണ്ടിക്കാണിക്കുന്നു.
ഇസ്രായേൽ ആക്രമണം ശക്തമാക്കുകയും, പ്രാദേശിക സഖ്യകക്ഷികൾ ദുർബലരാകുകയും ചെയ്യുമ്പോൾ, ഖമേനിയുടെ ഏറ്റവും വലിയ പരീക്ഷണം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. എങ്കിലും, ഇറാന്റെ സമ്പത്തും സൈന്യവും രാഷ്ട്രീയവും കൈപ്പിടിയിലൊതുക്കിയ ഈ നേതാവ് തന്നെയാണ് ഇപ്പോഴും രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത്.