Health

സ്തനങ്ങളിലെ തടിപ്പും വേദനയും; എപ്പോഴും കാൻസർ ലക്ഷണമല്ല, അറിയാം ഈ രോഗാവസ്ഥയെക്കുറിച്ച്

ആരോഗ്യ ഡെസ്ക്: സ്ത്രീകളിൽ സ്തനങ്ങളിൽ അനുഭവപ്പെടുന്ന തടിപ്പും വേദനയും പലപ്പോഴും വലിയ മാനസിക സംഘർഷത്തിനും ഭയത്തിനും കാരണമാകാറുണ്ട്. എന്നാൽ ഇത്തരം ലക്ഷണങ്ങൾ എല്ലാ ഇപ്പോഴും കാൻസർ ആകണമെന്നില്ല. സ്ത്രീകളിൽ വളരെ സാധാരണയായി കണ്ടുവരുന്ന ‘ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ് ഡിസീസ്’ എന്ന രോഗാവസ്ഥയെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും വിശദമായി അറിയാം.

എന്താണ് ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ് ഡിസീസ്?

സ്തനങ്ങളിലെ കോശങ്ങൾക്ക് തടിപ്പും വേദനയും അനുഭവപ്പെടുന്ന ഒരു സാധാരണ അവസ്ഥയാണിത്. ഇത് കാൻസറുമായി ബന്ധമുള്ള ഒന്നല്ല. കണക്കുകൾ പ്രകാരം പത്തിൽ നാല് സ്ത്രീകളിലും ഈ അവസ്ഥ കണ്ടുവരുന്നു. പ്രധാനമായും ആർത്തവചക്രത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിന് കാരണം.

പ്രധാന ലക്ഷണങ്ങൾ

  • വേദനയും തടിപ്പും: ആർത്തവം ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുൻപ് സ്തനങ്ങളിൽ വേദനയും കല്ലിപ്പും അനുഭവപ്പെടുക.
  • മുഴകൾ പോലെ തോന്നാം: സ്തനങ്ങളിൽ ഒന്നോ അതിലധികമോ മുഴകൾ ഉള്ളതായി തോന്നാം. ആർത്തവം കഴിയുന്നതോടെ ഇവയുടെ കാഠിന്യം കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാം.
  • സ്രവം: ചിലരിൽ മുലക്കണ്ണുകളിൽ നിന്ന് പച്ചയോ തവിട്ടുനിറത്തിലോ ഉള്ള സ്രവം പുറത്തുവരാം.

കാരണങ്ങൾ

ആർത്തവചക്രത്തിന്റെ ഭാഗമായി ശരീരത്തിൽ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകളുടെ അളവിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഈ ഹോർമോണുകളാണ് സ്തനങ്ങളിലെ ഗ്രന്ഥികളിൽ മാറ്റങ്ങൾ വരുത്തി വേദനയ്ക്കും തടിപ്പിനും കാരണമാകുന്നത്.

എങ്ങനെ തിരിച്ചറിയാം?

ശാരീരിക പരിശോധനയിലൂടെ ഡോക്ടർക്ക് ഈ അവസ്ഥയെക്കുറിച്ച് ഒരു ധാരണ ലഭിക്കും. രോഗം സ്ഥിരീകരിക്കുന്നതിനായി അൾട്രാസൗണ്ട് സ്കാൻ, മാമോഗ്രഫി തുടങ്ങിയ പരിശോധനകൾ നിർദ്ദേശിക്കാറുണ്ട്. സംശയകരമായ സാഹചര്യങ്ങളിൽ മാത്രം മുഴകളിൽ നിന്ന് കുത്തിയെടുത്ത് പരിശോധിക്കുന്ന ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി (FNAC) വേണ്ടിവന്നേക്കാം.

ചികിത്സയും ജീവിതശൈലിയിലെ മാറ്റങ്ങളും

ജീവിതശരീരത്തിലെ ചില മാറ്റങ്ങളിലൂടെയും ലളിതമായ ചികിത്സയിലൂടെയും ഈ അവസ്ഥ നിയന്ത്രിക്കാനാകും.

  • ഭക്ഷണക്രമം: കഫീൻ അടങ്ങിയ ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുക. എരിവ്, മസാല, കൊഴുപ്പ്, എണ്ണ എന്നിവ അധികമടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • വ്യായാമം: യോഗ പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും വേദന കുറയ്ക്കാനും സഹായിക്കും.
  • ശരിയായ അടിവസ്ത്രം: ശരീരത്തിന് കൃത്യമായി പാകമാകുന്നതും സ്തനങ്ങൾക്ക് നല്ല താങ്ങ് നൽകുന്നതുമായ അടിവസ്ത്രങ്ങൾ ധരിക്കുക.
  • മരുന്നുകൾ: വേദനയുടെ കാഠിന്യം അനുസരിച്ച് പാരസെറ്റമോൾ പോലുള്ള വേദനസംഹാരികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാം. ചിലർക്ക് വൈറ്റമിൻ ഇ, ബി-കോംപ്ലക്സ് ഗുളികകളും ഹോർമോൺ ഗുളികകളും ആവശ്യമായി വന്നേക്കാം.

പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം, സ്തനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ തടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സിക്കാതെ ഒരു ഡോക്ടറെ സമീപിച്ച് കൃത്യമായ രോഗനിർണയം നടത്തുക എന്നതാണ്. അനാവശ്യമായ ഭയം ഒഴിവാക്കി ശരിയായ വൈദ്യസഹായം തേടുകയാണ് വേണ്ടത്.