
പൈലറ്റായ മകന്റെ കന്നിപ്പറക്കലിൽ യാത്രക്കാരായി മാതാപിതാക്കളും; ഇൻഡിഗോ വിമാനത്തിൽ വികാരനിർഭര നിമിഷങ്ങൾ
'സ്കൂളിലെ ആദ്യദിവസം പോലെ'
ബെംഗളൂരു: പൈലറ്റായ മകന്റെ ആദ്യത്തെ വിമാനയാത്രയിൽ പങ്കാളികളാകാൻ മാതാപിതാക്കളുമെത്തിയപ്പോൾ, വിമാനത്തിനുള്ളിൽ അത് വികാരനിർഭരമായ നിമിഷങ്ങൾക്ക് വഴിവെച്ചു. ഇൻഡിഗോ പൈലറ്റായ അരവിന്ദിന്റെ ആദ്യത്തെ കൊമേർഷ്യൽ വിമാനയാത്ര, സഹപ്രവർത്തകനായ ക്യാപ്റ്റൻ പ്രദീപ് കൃഷ്ണൻ നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനത്തോടെയാണ് യാത്രക്കാർക്കും അവിസ്മരണീയമായത്. ഈ മനോഹര നിമിഷങ്ങളുടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ, സഹ പൈലറ്റായ ക്യാപ്റ്റൻ അരവിന്ദിന്റെ ആദ്യത്തെ സർവീസാണിതെന്നും, അദ്ദേഹത്തിന്റെ മാതാപിതാക്കളും അതേ വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ടെന്നും ക്യാപ്റ്റൻ പ്രദീപ് കൃഷ്ണൻ അനൗൺസ് ചെയ്തു. തുടർന്ന്, എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ട മാതാപിതാക്കളെ നിറഞ്ഞ കയ്യടികളോടെയാണ് സഹയാത്രക്കാർ വരവേറ്റത്.
പിന്നീട് മൈക്ക് കയ്യിലെടുത്ത ക്യാപ്റ്റൻ അരവിന്ദ്, കോക്ക്പിറ്റിലേക്കുള്ള തന്റെ യാത്രയിൽ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും മാതാപിതാക്കൾക്ക് നന്ദി പറഞ്ഞപ്പോൾ അത് വിമാനത്തിനുള്ളിൽ ഹൃദയസ്പർശിയായ നിമിഷങ്ങൾ സൃഷ്ടിച്ചു.
ക്യാപ്റ്റൻ പ്രദീപിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്
“ഒരു പൈലറ്റാകുന്നത് അഭിനിവേശം മാത്രമല്ല, കഠിനാധ്വാനവും ത്യാഗവും കൂടിയാണ്,” ഈ മനോഹര നിമിഷങ്ങളുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ക്യാപ്റ്റൻ പ്രദീപ് കൃഷ്ണൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “ഒരു പൈലറ്റിന്റെ സ്വപ്നങ്ങൾക്ക് പിന്നിൽ, അവരെ പ്രോത്സാഹിപ്പിക്കുന്ന കുടുംബത്തിന്റെ വലിയ പിന്തുണയുണ്ട്. അരവിന്ദിന്റെ ഈ വലിയ നിമിഷത്തിൽ പങ്കുചേരാനായി അദ്ദേഹത്തിന്റെ മാതാപിതാക്കൾ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്തത് ഏറെ സന്തോഷം നൽകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പോസ്റ്റിന് നന്ദി പറഞ്ഞുകൊണ്ട് ക്യാപ്റ്റൻ അരവിന്ദും രംഗത്തെത്തി. “ക്യാപ്റ്റൻ, നിങ്ങൾ ഈ ദിവസം ഞങ്ങൾക്കെല്ലാവർക്കും സ്പെഷ്യലാക്കി,” അരവിന്ദ് കുറിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ മനോഹരവും പ്രചോദനപരവുമായ കമന്റുകളുമായി എത്തിയത്.