NationalNews

3000 രൂപയ്ക്ക് 200 യാത്ര: ഫാസ്ടാഗിൽ പുതിയ പാസ്; പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലൂടെയുള്ള യാത്ര കൂടുതൽ എളുപ്പവും ലാഭകരവുമാക്കാൻ ലക്ഷ്യമിട്ട് ഫാസ്ടാഗ് അധിഷ്ഠിത വാർഷിക പാസ് അവതരിപ്പിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സ്വകാര്യ വാഹനങ്ങൾക്കായി അവതരിപ്പിക്കുന്ന ഈ പാസ് 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരും.

3000 രൂപയാണ് വാർഷിക പാസിന്റെ വില. കാർ, ജീപ്പ്, വാൻ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമായിരിക്കും ഈ പാസ് ലഭ്യമാകുക. പാസ് ആക്ടിവേറ്റ് ചെയ്ത തീയതി മുതൽ ഒരു വർഷത്തേക്കോ, അല്ലെങ്കിൽ 200 യാത്രകൾ പൂർത്തിയാകുന്നതുവരെയോ (ഏതാണോ ആദ്യം) ആയിരിക്കും ഇതിന്റെ കാലാവധി.

രാജ്യത്തുടനീളമുള്ള ദേശീയപാതകളിൽ തടസ്സങ്ങളില്ലാതെയും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാൻ ഈ പാസ് സഹായിക്കുമെന്ന് മന്ത്രി ‘X’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. 60 കിലോമീറ്ററിനുള്ളിൽ ഒന്നിലധികം ടോൾ പ്ലാസകൾ വരുന്നതിനെക്കുറിച്ചുള്ള ദീർഘകാലമായുള്ള പരാതികൾക്ക് ഈ പാസ് ഒരു പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും, ഗതാഗതക്കുരുക്ക് ഒഴിവാക്കാനും, തർക്കങ്ങൾ ഇല്ലാതാക്കാനും ലക്ഷ്യമിടുന്ന ഈ പദ്ധതി, ലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് വേഗതയേറിയതും സുഗമവുമായ യാത്രാനുഭവം നൽകുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.

വാർഷിക പാസ് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ലിങ്ക് ഉടൻ തന്നെ ‘രാജ്മാർഗ് യാത്ര’ ആപ്പിലും, ദേശീയപാതാ അതോറിറ്റിയുടെയും (NHAI) ഗതാഗത മന്ത്രാലയത്തിന്റെയും (MoRTH) ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമാകും.