
തീപ്പൊരി വക്കീൽ വേഷത്തിൽ സുരേഷ് ഗോപി; ‘ജെഎസ്കെ’ ജൂൺ 27ന് തിയേറ്ററുകളിലേക്ക്
കൊച്ചി: പോലീസ് യൂണിഫോമിലും വക്കീൽ ഗൗണിലും പ്രേക്ഷകരെ ആവേശം കൊള്ളിച്ച സുരേഷ് ഗോപി, വീണ്ടും അഭിഭാഷകന്റെ കുപ്പായമണിയുന്ന ‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രം ജൂൺ 27-ന് തിയേറ്ററുകളിലെത്തുന്നു. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ഈ കോർട്ട് റൂം ത്രില്ലർ ചിത്രം, 19 വർഷത്തിന് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
2006-ൽ പുറത്തിറങ്ങിയ ‘ചിന്താമണി കൊലക്കേസ്’ ആയിരുന്നു സുരേഷ് ഗോപി ഇതിന് മുൻപ് അഭിഭാഷകനായി എത്തിയ ചിത്രം. ആ സിനിമയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒന്നായിരിക്കും ‘ജെഎസ്കെ’ എന്നാണ് ചിത്രത്തിന്റെ ടീസർ കണ്ട പ്രേക്ഷകരുടെ അഭിപ്രായം. സുരേഷ് ഗോപിയുടെ മാസ് പ്രകടനവും, ഫാമിലി-യൂത്ത് ഓഡിയൻസിനെ ഒരുപോലെ ആകർഷിക്കുന്ന ഘടകങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് വിലയിരുത്തൽ.
അനുപമയുടെ തിരിച്ചുവരവും മാധവിന്റെ അരങ്ങേറ്റവും
നീണ്ട ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ ശക്തമായ ഒരു കഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ജെഎസ്കെ’. കൂടാതെ, സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഗോപിയും ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ, അസ്കർ അലി, ബൈജു സന്തോഷ്, കോട്ടയം രമേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കോസ്മോസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ജെ. ഫനീന്ദ്ര കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ജിബ്രാൻ പശ്ചാത്തല സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റെനഡിവേയും എഡിറ്റിംഗ് സംജിത് മുഹമ്മദുമാണ് നിർവഹിക്കുന്നത്.