
പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തിന് 21-കാരിയായ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഇലവുംതിട്ട പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അവിവാഹിതയായ യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം കുഞ്ഞിനെ ആളൊഴിഞ്ഞ അയൽവീട്ടിലെ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം വ്യക്തമായിട്ടില്ല.
ഇലവുംതിട്ട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.