
സൈക്കിളിൽ നിന്ന് വീണ് ഡി.കെ ശിവകുമാർ; വീഡിയോ വൈറൽ
ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ സൈക്കിളിൽ നിന്ന് വീഴുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ നടന്ന പരിപാടിക്ക് ശേഷം, ക്യാമറകൾക്ക് മുന്നിൽ വെച്ച് സൈക്കിളിൽ നിന്നിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം നിയന്ത്രണം വിട്ട് വീണത്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഇക്കോ-വാക്ക്’ പരിപാടി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം, വിധാൻ സൗധയിലേക്ക് സൈക്കിളിലാണ് ശിവകുമാർ എത്തിയത്. നഗരത്തിലൂടെ സൈക്കിൾ ഓടിച്ച അദ്ദേഹം, യാത്രയുടെ അവസാനം സൈക്കിൾ പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സമീപത്തെ പടികളിലേക്ക് മറിഞ്ഞുവീണത്. ഈ ദൃശ്യങ്ങൾ ക്യാമറയിൽ പതിയുകയും, നിമിഷങ്ങൾക്കകം ഓൺലൈനിൽ പ്രചരിക്കുകയുമായിരുന്നു.
In the corridors of power, I chose a cycle – because progress doesn’t always need horsepower, just people power.
— DK Shivakumar (@DKShivakumar) June 17, 2025
📍Vidhana Soudha, Bengaluru pic.twitter.com/lh8KAPcEyD
“അധികാരത്തിന്റെ ഇടനാഴികളിൽ ഞാൻ സൈക്കിൾ തിരഞ്ഞെടുത്തു – കാരണം പുരോഗതിക്ക് എപ്പോഴും കുതിരശക്തി ആവശ്യമില്ല, ജനശക്തി മതി,” എന്ന് ഈ സൈക്കിൾ യാത്രയെക്കുറിച്ച് അദ്ദേഹം ‘എക്‌സിൽ’ കുറിച്ചിരുന്നു. ട്രാക്ക് പാന്റും ടീഷർട്ടും കഴുത്തിൽ ലൂയി വിറ്റണിന്റെ സ്കാർഫുമണിഞ്ഞായിരുന്നു ഉപമുഖ്യമന്ത്രിയുടെ സൈക്കിൾ സവാരി. സംഭവത്തിൽ അദ്ദേഹത്തിന് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.