
വിമാന ദുരന്തത്തിൽ നോവായി മലയാളി നഴ്സ്; മരിച്ചത് തിരുവല്ല സ്വദേശിനി രഞ്ജിത
തിരുവല്ല/അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഒരു മലയാളി യുവതിക്കും ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാറാണ് മരിച്ചത്. ലണ്ടനിലേക്ക് മടക്കയാത്ര നടത്തുന്നതിനിടെയാണ് രഞ്ജിത ദുരന്തത്തിൽപ്പെട്ടത്. മരണവിവരം ജില്ലാ ഭരണകൂടത്തിന് സ്ഥിരീകരിച്ച് അറിയിപ്പ് ലഭിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു.
ലണ്ടനിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു രഞ്ജിത. അടുത്തിടെ നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് ഇതിൽ പ്രവേശിക്കാനായി കേരളത്തിലെത്തിയിരുന്നു. പുതിയ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം തിരികെ ലണ്ടനിലെ ജോലിസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് രഞ്ജിത പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് യാത്ര തിരിച്ചത്.
പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് രഞ്ജിതയുടെ അപ്രതീക്ഷിത വിയോഗം. നാടിനെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തിയാണ് ഈ മടക്കം.