
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ 242 യാത്രക്കാരും ജീവനക്കാരുമായി പോയ എയർ ഇന്ത്യ വിമാനം തകർന്നു വീണു. വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗർ എന്ന ജനവാസ മേഖലയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1.10നാണ് അപകടം. ടേക്ക് ഓഫിനിടെ മരത്തിലോ മതിലിലോ ഇടിച്ച ശേഷം തകർന്നുവീഴുകയായിരുന്നുവെന്നാണ് സൂചന.
അപകടസ്ഥലത്ത് നിന്ന് കനത്ത പുകയും തീയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അദാനി എയർപോർട്ട് പരിസരത്ത് നിന്നാണ് പുക ഉയരുന്നത്. അപകടത്തെ തുടർന്ന് അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകളും പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തേക്ക് കുതിച്ചെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിലും പരിസരത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.