Cinema

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; ഹൊറർ കോമഡി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചി: യുവതാരം മാത്യു തോമസിനെ നായകനാക്കി നവാഗതനായ നൗഫൽ അബ്ദുള്ള സംവിധാനം ചെയ്യുന്ന “നൈറ്റ് റൈഡേഴ്സ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഹൊറർ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

‘പ്രണയവിലാസം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവർ ചേർന്നാണ് ‘നൈറ്റ് റൈഡേഴ്സി’ന്റെ രചന നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ളയുടെ ആദ്യ സംവിധാന സംരംഭമാണിത്. ‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാൻ’, ‘ഹലോ മമ്മി’ തുടങ്ങിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ സഹനിർമ്മാതാക്കളായ എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവരാണ് നിർമ്മാതാക്കൾ.

മാത്യു തോമസിനൊപ്പം മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.