
ശമ്പള വിഹിതം പിടിക്കും! പോകുന്നത് 40 ശതമാനത്തോളം ശമ്പളം: പുതിയ പെൻഷൻ പദ്ധതിയുമായി ധനവകുപ്പ്
ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത വിഹിതം പിടിച്ച് പുതിയ പെൻഷൻ സ്കീം നടപ്പിലാക്കാൻ സർക്കാർ. അഷ്വേർഡ് പെൻഷൻ നടപ്പാക്കാൻ വേണ്ടിയാണ് ജീവനക്കാരുടെ ശമ്പള വിഹിതം പിടിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പദ്ധതി ആരംഭിക്കാനാണ് സർക്കാർ നീക്കം. 2023- 24 ബജറ്റിൽ അഷ്വേർഡ് പെൻഷൻ നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ജീവാനന്ദം എന്ന പേരിൽ ജീവനക്കാരുടെ ശമ്പള വിഹിതം പിടിച്ച് ഒരു പദ്ധതി തുടങ്ങാൻ ഉത്തരവ് ഇറങ്ങിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ജീവാനന്ദത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. പങ്കാളിത്ത പെൻഷൻ പിൻവലിക്കാതെ പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാനാണ് ബാലഗോപാലിൻ്റെ നീക്കം. പങ്കാളിത്ത പെൻഷന് വേണ്ടി ജീവനക്കാരുടെ ശമ്പ വിഹിതം പിടിക്കുന്നുണ്ട്.
അഷ്വേർഡ് പെൻഷന് വേണ്ടിയും ഏറ്റവും കുറഞ്ഞത് 10 ശതമാനം ശമ്പള വിഹിതം പിടിക്കും. 18 ശതമാനം ക്ഷാമബത്ത കുറവിലാണ് നിലവിൽ സംസ്ഥാനത്തെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്. അതിനോടൊപ്പം പങ്കാളിത്ത പെൻഷൻ വിഹിതവും അഷ്വേർഡ് പെൻഷൻ വിഹിതവും കൂടിയാകുമ്പോൾ ശമ്പളത്തിൻ്റെ 40 ശതമാനവും വിഹിതമായി പോകും.
കേന്ദ്രം ആവിഷ്കരിച്ച ഏകീകൃത പെൻഷൻ പദ്ധതിയുടെ (UPS) മാതൃകയിലാകും പുതിയ പദ്ധതി. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പദ്ധതി നടപ്പാക്കുന്നതിനുള്ള രാഷ്ട്രീയ അനുമതി സിപിഎം ധനവകുപ്പിന് നൽകിയതോടെ സർക്കാർതലത്തിൽ ചർച്ചകൾക്ക് വേഗം കൂടി.
പദ്ധതിയുടെ ശുപാർശകൾ സമർപ്പിക്കുന്നതിനായി ഉദ്യോഗസ്ഥ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര മാതൃക പിന്തുടർന്ന് മഹാരാഷ്ട്ര, ഒഡിഷ, ഉത്തരാഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ നടപ്പാക്കിയ പദ്ധതിയെക്കുറിച്ച് താരതമ്യ പഠനം നടത്തി റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഉൾപ്പെട്ട സമിതിയോട് സർക്കാർ ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലെ പദ്ധതിയുടെ അന്തിമ രൂപം തയ്യാറാക്കുക.
2023-ലെ ബജറ്റിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ‘ഉറപ്പായ പെൻഷൻ’ പദ്ധതി പ്രഖ്യാപിച്ചത്. നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ സർക്കാർ വിഹിതം പത്ത് ശതമാനം മാത്രമായതിനാൽ വിരമിച്ച ശേഷം ഭൂരിഭാഗം ജീവനക്കാർക്കും തുച്ഛമായ തുകയാണ് പെൻഷനായി ലഭിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ പകുതി പെൻഷനായി നൽകുന്ന കേന്ദ്രത്തിന്റെ യുപിഎസ് മാതൃകയാണ് പ്രധാനമായും പരിഗണനയിലുള്ളത്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നത് എൽഡിഎഫിന്റെ പ്രഖ്യാപിത നയമാണെങ്കിലും, അതിൽ നിന്ന് പിന്മാറുന്നതിന് പ്രായോഗികമായ തടസ്സങ്ങളുണ്ടെന്ന വിലയിരുത്തലിലാണ് സർക്കാർ പുതിയ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.