
ടിക്ടോക് താരം ഖാബി ലെയിം അമേരിക്കയില് കസ്റ്റഡിയിലായത് എന്തിന്?
വാഷിംഗ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടിക്ടോക് താരമായ ഖാബി ലെയിമിനെ (Khaby Lame) യുഎസ് ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നതിനാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച നെവാഡയിൽ പിടിയിലായ ഖാബിയെ, പിന്നീട് ‘സ്വമേധയാ രാജ്യം വിടാനുള്ള അനുമതി’ നൽകി അതേ ദിവസം തന്നെ വിട്ടയച്ചു.
“ഇറ്റാലിയൻ പൗരനായ സെറിൻ ഖബാനെ ലെയിമിനെ (25) ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതിന് ജൂൺ 6-ന് ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) കസ്റ്റഡിയിലെടുത്തുവെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിൽ 30-ന് യുഎസ്സിൽ പ്രവേശിച്ച ഖാബി, വിസയുടെ നിബന്ധനകൾ ലംഘിച്ച് രാജ്യത്ത് തുടരുകയായിരുന്നു. നിലവിൽ അദ്ദേഹം യുഎസ് വിട്ടതായും പ്രസ്താവനയിൽ പറയുന്നു.
ട്രംപിന്റെ സഹായിയുടെ ഇടപെടൽ
സംഭവത്തെക്കുറിച്ച് ഖാബി ലെയിം പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിന്റെ അടുത്ത സഹായിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ബോ ലൗഡൻ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഖാബിയെ ‘അനധികൃത കുടിയേറ്റക്കാരൻ’ എന്ന് വിശേഷിപ്പിച്ച ലൗഡൻ, ഖാബിയുടെ വിസ സ്റ്റാറ്റസിനെക്കുറിച്ച് അധികൃതരെ അറിയിച്ചത് താനാണെന്നും അവകാശപ്പെട്ടു. “അയാൾ നികുതി വെട്ടിച്ച്, അസാധുവായ വിസയിൽ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുകയായിരുന്നു. അയാളെ നാടുകടത്താൻ ഞാൻ വ്യക്തിപരമായി മുൻകൈയെടുത്തു,” ലൗഡൻ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതിനായി പ്രസിഡന്റ് ട്രംപിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ (ഡിഎച്ച്എസ്) ഉദ്യോഗസ്ഥരുമായി സഹകരിച്ചെന്നും അയാൾ അവകാശപ്പെട്ടു.
അധികാരമേറ്റ ശേഷം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുകയും അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഈ സംഭവവും വിലയിരുത്തപ്പെടുന്നത്.
ആരാണ് ഖാബി ലെയിം?
സെനഗലിൽ ജനിച്ച് ഇറ്റാലിയൻ പൗരത്വം നേടിയ ഖാബി ലെയിം, 162 ദശലക്ഷത്തിലധികം ഫോളോവേഴ്സുമായി ടിക്ടോക്കിൽ ഒന്നാം സ്ഥാനത്തുള്ള താരമാണ്. കോവിഡ് മഹാമാരിക്കാലത്ത്, സങ്കീർണ്ണമായ ‘ലൈഫ് ഹാക്ക്’ വീഡിയോകളെ നിശ്ശബ്ദമായി പരിഹസിച്ചുകൊണ്ടാണ് ഖാബി പ്രശസ്തി നേടിയത്. കൈപ്പത്തി മുകളിലേക്ക് തിരിച്ചുള്ള അദ്ദേഹത്തിന്റെ സിഗ്നേച്ചർ ആംഗ്യം ലോകമെമ്പാടും തരംഗമാണ്. 2020 മാർച്ചിൽ ഫാക്ടറിയിലെ ജോലി നഷ്ടപ്പെട്ട ശേഷമാണ് ഖാബി ടിക്ടോക് വീഡിയോകൾ നിർമ്മിച്ച് തുടങ്ങിയത്. നിലവിൽ യുനിസെഫിന്റെ ഗുഡ്വിൽ അംബാസഡർ കൂടിയാണ് അദ്ദേഹം.