
ന്യൂഡൽഹി: ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തൽസ്ഥാനം രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ, ഡോക്ടർമാരുടെ നിർദ്ദേശം മാനിച്ചാണ് രാജിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് നൽകിയ കത്തിൽ അദ്ദേഹം വ്യക്തമാക്കി. രാജി ഉടനടി പ്രാബല്യത്തിൽ വന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം തന്നെയുണ്ടായ ഈ അപ്രതീക്ഷിത രാജി, ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
“ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും വൈദ്യോപദേശം മാനിക്കുന്നതിനും വേണ്ടി, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 67 (എ) അനുസരിച്ച് ഞാൻ ഇന്ത്യൻ ഉപരാഷ്ട്രപതി സ്ഥാനം ഉടനടി രാജിവെക്കുന്നു,” എന്ന് അദ്ദേഹം കത്തിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, രാഷ്ട്രപതി ദ്രൗപതി മുർമുവിനും നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
അടുത്ത ഉപരാഷ്ട്രപതി ആര്? തിരഞ്ഞെടുപ്പ് ഉടൻ
ഉപരാഷ്ട്രപതി പദവിയിൽ ഒഴിവ് വന്ന സാഹചര്യത്തിൽ, പുതിയൊരാളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ ആരംഭിക്കും. ഭരണഘടനയനുസരിച്ച്, “കഴിയുന്നത്ര വേഗത്തിൽ” ഒഴിവ് നികത്തേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് ഇങ്ങനെ
ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരും (ആകെ 788 പേർ) അടങ്ങുന്ന ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച്, ഒറ്റ കൈമാറ്റ വോട്ടിലൂടെ രഹസ്യ ബാലറ്റായാണ് വോട്ടെടുപ്പ് നടക്കുക.
സ്ഥാനാർത്ഥിക്കുള്ള യോഗ്യതകൾ:
- ഇന്ത്യൻ പൗരനായിരിക്കണം.
- 35 വയസ്സ് പൂർത്തിയായിരിക്കണം.
- രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ടായിരിക്കണം.
- മറ്റ് പദവികൾ വഹിക്കാൻ പാടില്ല.
ഉപരാഷ്ട്രപതിയുടെ ചുമതലകൾ
രാജ്യത്തെ രണ്ടാമത്തെ പരമോന്നത ഭരണഘടനാ പദവിയാണ് ഉപരാഷ്ട്രപതിയുടേത്. രാജ്യസഭയുടെ എക്സ്-ഒഫീഷ്യോ ചെയർമാനായി പ്രവർത്തിക്കുന്നതും ഉപരാഷ്ട്രപതിയാണ്. രാജി, മരണം, ഇംപീച്ച്മെന്റ് തുടങ്ങിയ കാരണങ്ങളാൽ രാഷ്ട്രപതിയുടെ പദവിയിൽ ഒഴിവ് വന്നാൽ, പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് വരെ ആക്ടിംഗ് പ്രസിഡന്റായി ചുമതല വഹിക്കുന്നതും ഉപരാഷ്ട്രപതിയാണ്.