
പ്രതിഭകളെ ആദരിച്ച് ‘നക്ഷത്രത്തിളക്കം’; ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് കുഞ്ചാക്കോ ബോബൻ
തൃശൂർ: പഠനമികവ് പുലർത്തിയ വിദ്യാർത്ഥി പ്രതിഭകൾക്ക് ആദരവും താരങ്ങളുടെ സാന്നിധ്യവും കൊണ്ട് സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ‘നക്ഷത്രത്തിളക്കം’ അവാർഡ് ദാന ചടങ്ങ് ശ്രദ്ധേയമായി. ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റവന്യൂ മന്ത്രി കെ. രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2024-25 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയുമാണ് ആദരിച്ചത്. സിപി ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരുന്നു.

ചലച്ചിത്ര താരങ്ങളായ റഹ്മാൻ, കാവ്യാ മാധവൻ, രമേഷ് പിഷാരടി എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. ബെന്നി ബെഹനാൻ എംപി, രാജ്യസഭാംഗം ജെബി മേത്തർ, എൻ.എ. അക്ബർ എംഎൽഎ എന്നിവർക്കൊപ്പം വ്യവസായ പ്രമുഖരായ ഗൾഫാർ മുഹമ്മദലി (ചെയർമാൻ, ഗൾഫാർ ഗ്രൂപ്പ്), ടി.എസ്. പട്ടാഭിരാമൻ (എം.ഡി, കല്യാൺ സിൽക്സ്), സീ ഷോർ മുഹമ്മദലി (ചെയർമാൻ, സീ ഷോർ ഗ്രൂപ്പ്), മുഹമ്മദ് എം.എ (ചെയർമാൻ, ഒബറോൺ ഗ്രൂപ്പ്), ഡോ. മുഹമ്മദ് അഫ്സൽ (ചെയർമാൻ, അജ്മി ഗ്രൂപ്പ്) തുടങ്ങിയവരും പങ്കെടുത്തു.

കഴിഞ്ഞ 20 വർഷമായി സാമൂഹിക, സന്നദ്ധ രംഗത്ത് പ്രവർത്തിക്കുന്ന ട്രസ്റ്റ്, വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് ചെയർമാൻ സി.പി. സാലിഹ് അറിയിച്ചു. സാമ്പത്തിക പ്രയാസങ്ങൾ മൂലം പഠനം മുടങ്ങുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പേരെയും ചടങ്ങിൽ ആദരിച്ചു. മൂവായിരത്തോളം വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
