News

ക്ഷേമ പെൻഷൻ ഈ മാസം നേരത്തെ കൊടുക്കും; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുവാദം വാങ്ങും

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ജൂൺ മാസത്തെ ക്ഷേമ പെൻഷൻ ഉടൻ കൊടുക്കാൻ നീക്കം. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുവാദം വാങ്ങും. 19 നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ്.

മെയ് മാസത്തെ ക്ഷേമ പെൻഷൻ മെയ് 24 മുതൽ ആണ് വിതരണം ചെയ്തത്. മാർച്ച് മാസത്തെ ക്ഷേമ പെൻഷൻ മാർച്ച് 26 മുതൽ ആണ് വിതരണം ചെയ്തത്. ഫെബ്രുവരി മാസത്തെ പെൻഷൻ ഫെബ്രുവരി 25 മുതലും ജനുവരി മാസത്തെ പെൻഷൻ ജനുവരി 24 മുതലും ആണ് വിതരണം ചെയ്തത്.
ക്ഷേമ പെൻഷൻ മാസത്തിൻ്റെ അവസാന ആഴ്ചകളിൽ ആണ് കൊടുക്കാറുള്ളത് എന്ന് വ്യക്തം. വിഷു പ്രമാണിച്ച് ഏപ്രിൽ മാസത്തെ പെൻഷൻ ഏപ്രിൽ 10 മുതൽ വിതരണം ചെയ്തിരുന്നു എന്നതാണ് ഇതിന് ഒരു അപവാദം.

നിലവിൽ ക്ഷേമ പെൻഷൻ 2 ഗഡുക്കൾ കുടിശികയാണ്. 3200 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും സർക്കാർ കുടിശികയായി നൽകാനുണ്ട്. ക്ഷേമ പെൻഷൻ നൽകുന്ന പെൻഷൻ കമ്പനിക്ക് 20000 കോടിയോളം രൂപയും സർക്കാർ നൽകാനുണ്ട്.
വളരെയധികം ബുദ്ധിമുട്ട് നേരിടുന്നവരാണ് ക്ഷേമ പെൻഷൻകാർ .യത്ഥാർത്ഥത്തിൽ ഒന്നാം തീയതി തന്നെ ഇവർക്ക് ക്ഷേമ പെൻഷൻ കൊടുക്കേണ്ടതാണ്. ക്ഷേമ പെൻഷൻ നേരത്തെ കിട്ടാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം എന്ന അവസ്ഥ സർക്കാരിന് ഭൂഷണമല്ല.