News

സതീശൻ പറയുന്നതാണ് ശരി! ഉമ്മൻ ചാണ്ടി സർക്കാർ ക്ഷേമ പെൻഷൻ മുഴുവൻ കൊടുത്തുവെന്ന് ധനവകുപ്പ് ഉത്തരവുകൾ

ഉമ്മൻ ചാണ്ടി അധികാരത്തിൽ നിന്ന് ഒഴിയുമ്പോൾ ക്ഷേമ പെൻഷൻ കുടിശിക എത്ര? 806 കോടിയാണെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഇറക്കിയ ധവള പത്രത്തിൽ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പരിശോധിച്ചാൽ ക്ഷേമ പെൻഷൻ മുഴുവൻ കൊടുത്തിട്ടാണ് ഉമ്മൻ ചാണ്ടി ഇറങ്ങിയതെന്ന് വ്യക്തം. 2016 മാർച്ചിലെ ക്ഷേമ പെൻഷൻ കൊടുക്കാനുള്ള ധന വകുപ്പ് ഉത്തരവ് ഇറങ്ങിയത് മാർച്ച് 14 ന്. 2016 ഏപ്രിലിലെ ക്ഷേമ പെൻഷൻ കൊടുക്കാനുള്ള ധന വകുപ്പ് ഉത്തരവ് ഇറങ്ങിയത് ഏപ്രിൽ 7 ന്. 2016 മെയ് ലെ ക്ഷേമ പെൻഷൻ കൊടുക്കാനുള്ള ധന വകുപ്പ് ഉത്തരവ് ഇറങ്ങിയത് മെയ് 9 ന്. അതായത് മുഴുവൻ ക്ഷേമ പെൻഷനും കൊടുത്തിട്ടാണ് ഉമ്മൻ ചാണ്ടി ഇറങ്ങിയത്.

ഉമ്മൻ ചാണ്ടി ഇറങ്ങിയ ശേഷം അധികാരത്തിൽ ഏറിയ പിണറായി സർക്കാർ 2016 ജൂൺ – ലെ ക്ഷേമ പെൻഷൻ മുതൽ ആണ് കൊടുത്തതെന്ന് ധനവകുപ്പ് ഉത്തരവ് വ്യക്തമാക്കുന്നു. 2016 ജൂണിലെ ക്ഷേമ പെൻഷൻ കൊടുക്കാൻ ധനവകുപ്പ് ഉത്തരവ് ഇറങ്ങിയത് ജൂലൈ 22 ന്.

ഉമ്മൻ ചാണ്ടി സർക്കാർ ക്ഷേമ പെൻഷൻ മുഴുവനായി കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നതാണ് വാസ്തവം എന്ന് തെളിയിക്കുന്ന ഉത്തരവുകളാണ് ധനവകുപ്പിൽ നിന്ന് ഇറങ്ങിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി കാലത്തെ 18 മാസത്തെ കുടിശിക വ്യാജ പ്രചരണത്തിൻ്റെ ഭാഗം എന്ന് സർക്കാർ ഉത്തരവുകളിൽ നിന്ന് വ്യക്തം.