
ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ പ്രമുഖ യൂട്യൂബർ കൂടി അറസ്റ്റിൽ. ‘ജാൻമഹൽ വീഡിയോ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയും പഞ്ചാബ് സ്വദേശിയുമായ ജസ്‌ബീർ സിംഗിനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ട്രാവൽ വ്ലോഗറായ ജ്യോതി മൽഹോത്ര സമാനമായ കേസിൽ നേരത്തെ അറസ്റ്റിലായതിന് പിന്നാലെയാണ് ഈ നിർണായക നടപടി.
രൂപ്‌നഗറിൽ നിന്ന് പഞ്ചാബ് പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ സെൽ ഉദ്യോഗസ്ഥരാണ് ജസ്‌ബീർ സിംഗിനെ കസ്റ്റഡിയിലെടുത്തത്. പാക് ചാരസംഘടനയിലെ അംഗമെന്ന് കരുതപ്പെടുന്ന ‘ഷാക്കിർ’ എന്നയാളുമായി ജസ്‌ബീർ സിംഗിന് അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ അറസ്റ്റിലായ ജ്യോതി മൽഹോത്രയുമായി അടുപ്പമുണ്ടായിരുന്ന പാക് ചാരന്മാർക്ക് ജസ്‌ബീർ സിംഗുമായും ഇടപാടുകളുണ്ടായിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ദശലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനലാണ് ജസ്‌ബീർ സിംഗിന്റേത്. ഇയാളുടെ ഫോണിൽ നിന്ന് നിരവധി പാകിസ്ഥാൻ നമ്പറുകൾ കണ്ടെടുത്തതായും, ഇയാൾ മൂന്ന് തവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഡൽഹിയിലെ പാകിസ്ഥാൻ എംബസിയിൽ നടന്ന പ്രധാനപ്പെട്ട ചടങ്ങുകളിലും ഇയാൾ സ്ഥിരമായി പങ്കെടുത്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജ്യോതി മൽഹോത്രയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായും ജസ്‌ബീർ സിംഗിന് ബന്ധമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ജ്യോതി മൽഹോത്രയുടെ അറസ്റ്റ് വാർത്തയായതോടെ ജസ്‌ബീർ സിംഗ് പാക് ചാരന്മാരുമായുള്ള ഫോൺ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഇയാളുടെ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.