
കെ-റെയിൽ: അനുമതി തേടി മുഖ്യമന്ത്രി ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തും; ഇ. ശ്രീധരന്റെ ബദൽ പദ്ധതിയും പരിഗണനയിൽ
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-റെയിലിന് (സിൽവർ ലൈൻ) കേന്ദ്രാനുമതി നേടിയെടുക്കാനുള്ള നിർണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ അനുമതിക്കായി മുഖ്യമന്ത്രി ഇന്ന് (ചൊവ്വാഴ്ച) കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ ഉച്ചയ്ക്ക് 12:30നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് സിൽവർ ലൈൻ പദ്ധതിക്ക് വീണ്ടും ജീവൻ വെപ്പിക്കാൻ സർക്കാർ ശ്രമം ഊർജിതമാക്കിയത്. നേരത്തെ, സിൽവർ ലൈനുമായി ബന്ധപ്പെട്ട് കെ-റെയിലും റെയിൽവേ മന്ത്രാലയവും തമ്മിൽ നടന്ന ചർച്ചകൾ വഴിമുട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നേരിട്ട് മന്ത്രിയുമായി ചർച്ച നടത്തുന്നത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സിൽവർ ലൈൻ പദ്ധതിയുമായി കേരളത്തിന് മുന്നോട്ടുപോകാനാകൂ.
നിലവിലെ സാഹചര്യത്തിൽ, പദ്ധതിയുടെ പ്രധാന തടസ്സമായി നിൽക്കുന്ന ഭൂമി ഏറ്റെടുക്കലടക്കമുള്ള പ്രശ്നങ്ങൾ മറികടക്കാൻ മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ പദ്ധതി കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കാനും സംസ്ഥാന സർക്കാർ ആലോചിക്കുന്നതായാണ് സൂചന. ഭൂമി ഏറ്റെടുക്കൽ പരമാവധി കുറച്ച്, ആകാശപാതയ്ക്കും തുരങ്കപാതയിലൂടെയുള്ള ട്രാക്കിനും പ്രാധാന്യം നൽകുന്നതാണ് ശ്രീധരന്റെ നിർദ്ദേശം. ഈ ബദൽ നിർദ്ദേശത്തിൽ കേന്ദ്രത്തിന്റെ നിലപാട് നിർണായകമാകും. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാൽ, ഇ. ശ്രീധരൻ, ഡി.എം.ആർ.സി എന്നിവരുമായി ചേർന്ന് വിശദമായ പദ്ധതി റിപ്പോർട്ടിൽ (ഡി.പി.ആർ) ആവശ്യമായ മാറ്റങ്ങൾ വരുത്താനാണ് കേരളത്തിന്റെ നീക്കം.
ഭൂമി ഏറ്റെടുക്കലിന്റെ തോത് കുറയുന്നതോടെ പദ്ധതിയോടുള്ള ജനകീയ എതിർപ്പും ഗണ്യമായി കുറയുമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതി കേന്ദ്രം അംഗീകരിച്ചാൽ, അത് പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് നിർണായകമാകും.
അതേസമയം, സംസ്ഥാനത്തെ ദേശീയപാതകളുടെ ശോച്യാവസ്ഥയും അറ്റകുറ്റപ്പണികളും സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി നാളെ (ബുധനാഴ്ച) കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.