News

പൊതുമരാമത്ത് റോഡുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുത്- മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : പൊതുമരാമത്ത് വകുപ്പിൻ്റെ റോഡുകള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മികച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടിച്ചുക്കൊണ്ട് കുഴിക്കുന്നത്.

ഏതു വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കുഴിക്കല്‍ നടപടിയെന്ന് ജില്ല കളക്ടര്‍ പരിശോധിക്കണം. ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയോ വകുപ്പുകള്‍ തമ്മിലുള്ള ധാരണയോ ഇല്ലാതെ റോഡുകള്‍ കുഴിക്കാന്‍ പാടില്ലെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ മന്ത്രി പറഞ്ഞു.

വിഷയത്തില്‍ വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ല കളക്ടര്‍ അടിയന്തരമായി യോഗം ചേരണം. ഇതു സംബന്ധിച്ച് സംസ്ഥാന തലത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളണം.

കുടിവെള്ള പ്രശ്‌നം പോലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് പ്രാധാന്യമനുസരിച്ച് മാത്രം റോഡ് കുഴിക്കാന്‍ അനുമതി നല്‍കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.