Cinema

തഗ് ലൈഫിലെ ചുംബന രംഗം വെറും 3 സെക്കൻ്റ് – കമൽ ഹാസനുമൊത്തുള്ള ലിപ് ലോക്കിൽ പ്രതികരിച്ച് അഭിരാമി

കമൽ ഹാസനമായുള്ള ചുംബന രംഗത്തിൽ പ്രതികരിച്ച് നടി അഭിരാമി. കമൽ – മണിരത്നം ചിത്രം തഗ് ലൈഫിൻ്റെ ട്രെയിലറിലെ ലിപ് ലോക്ക് വിവാദത്തിൽ ഒരു ദേശിയ മാധ്യമത്തോടായിരുന്നു അഭിരാമിയുടെ പ്രതികരണം.

“ഇന്നത്തെക്കാലത്ത് എന്തും വിവാദമാകും. നമുക്ക് അതില്‍ നിന്ന് രക്ഷപ്പെടാനാകില്ല. എന്നെ ആ വേഷത്തിലേയ്ക്ക് തിരഞ്ഞെടുത്തതില്‍ മണിരത്നം സാറിന്റെ ലോജിക് ചോദ്യം ചെയ്യാൻ ഞാനാളല്ല. അദ്ദേഹത്തിന്റെ ലോജിക് എന്തുതന്നെയായാലും അത് അംഗീകരിക്കുന്നു. വെറും മൂന്ന് സെക്കന്റ് മാത്രമുള്ള സീൻ ആണത്. അതുമാത്രം ട്രെയിലറില്‍ കാണിച്ചത് കുറച്ച്‌ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് മാത്രം. സിനിമയും ആ രംഗവും ചുംബനത്തിലേയ്ക്ക് നയിക്കുന്ന കാര്യങ്ങളും കാണുമ്ബോള്‍ ആർക്കും പ്രശ്നം തോന്നുകയില്ല. അത് ആ രംഗത്തോട് നന്നായി ചേർന്ന് നില്‍ക്കുന്നുണ്ട്. അതിനെക്കുറിച്ച്‌ ഇത്രയധികം സംസാരിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നില്ല. എന്തെങ്കിലും നിഗമനങ്ങള്‍ എത്തുന്നതിന് മുൻപ് ചിത്രം കാണാനാണ് ഞാൻ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നത്’- അഭിരാമി പറഞ്ഞു.

രണ്ട് നായികമാരാണ് ചിത്രത്തിൽ ഉള്ളത്. തൃഷയും അഭിരാമിയും ആണ് കമലിൻ്റെ നായികമാർ. ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ കമലിൻ്റെ തൃഷയുമായുള്ള ഇൻ്റിമസി സീനുകളും അഭിരാമിയുമായുള്ള ലിപ് ലോക്കും ചർച്ചയായി മാറി. 70 വയസുള്ള കമൽ ഹാസനും നായികമാരുമായുള്ള പ്രായ വ്യത്യാസം ചൂണ്ടിയാണ് വിമർശനം ഉണ്ടായത്.