
അൻവറിന്റെ 64 കോടി എവിടെ പോയി? അന്ന് കോടീശ്വരൻ ഇന്ന് ചില്ലിക്കാശില്ലാത്ത മുൻ എംഎല്‍എ
പിവി അൻവർ, നിലമ്പൂരിൽ നിന്ന് രണ്ടുതവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ഇടത് സ്വതന്ത്രൻ. അതായത് സിപിഎമ്മിന്റെ പിന്തുണയോടെ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് തിരഞ്ഞെടുപ്പുകളെ നേരിട്ട് വിജയിച്ച് വന്നിരുന്നു ഒരു വ്യവസായിയായ രാഷ്ട്രീയക്കാരൻ. നാട്ടിലും വിദേശത്തുമായി തനിക്ക് കോടികളുടെ ബിസിനസ്സുണ്ടെന്ന് പലപ്പോഴും പരസ്യമായി പറഞ്ഞിരുന്നു ഒരു എംഎൽഎ. ഒരുകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും സമ്പൂർണ്ണ പിന്തുണക്കാരൻ. ആ വ്യവസായിയായ രാഷ്ട്രീയക്കാരന്റെ സമ്പത്തിന് എന്ത് സംഭവിച്ചു? വിഡിയോ കാണുക..
പിന്നീട് അവിടെനിന്ന് പിണങ്ങിപ്പിരിഞ്ഞ് എംഎൽഎ സ്ഥാനവും രാജിവെച്ച് രാഷ്ട്രീയ പോരാട്ടം പ്രഖ്യാപിച്ചു ഈ പിവി അൻവർ. പക്ഷേ, ഇന്ന് ആ പിവി അൻവറിന്റെ മറ്റൊരു മുഖമാണ് വാർത്താ സമ്മേളനത്തിൽ കണ്ടത്. ഇന്നലെ വരെ കോടീശ്വരനായ രാഷ്ട്രീയക്കാരുടെ പട്ടികയിലുണ്ടായിരുന്ന പിവി അൻവർ ഇന്ന് പറയുകയാണ് തന്റെ കൈയിൽ ചില്ലിക്കാശില്ലെന്ന്.
താൻ രാജിവെച്ചത് കാരണം സംഭവിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുന്നതിന്റെ കാരണം. പണമില്ലായ്മയാണെന്ന്. അപ്പോൾ 2021 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ തന്റെ സത്യവാങ്മൂലത്തിൽ അദ്ദേഹം വെളിപ്പെടുത്തിയ സ്വത്തുവകകൾ എന്തൊക്കെയായിരുന്നു. എത്ര കോടിരൂപയുടേതായിരുന്നു എന്ന് പരിശോധിക്കാം…
പിവി അൻവറിന്റെ ആകെ ആസ്തി 64.14 കോടിയുടേതും ആകെ ബാധ്യതകൾ 17.06 കോടിയുടേതുമാണ്.
ബാങ്ക് ഡെപ്പോസിറ്റ്, ഓഹരികളും ബോണ്ടുകളും വ്യക്തിഗത വായ്പകൾ, വാഹനങ്ങൾ സ്വർണ്ണാഭരണങ്ങൾ എന്നിവ 19.62 കോടിയുടേതാണ് എന്നാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഭാര്യമാരുടെയും ആശ്രിതരുടെയും പേരിൽ 1.04 കോടി രൂപ മതിപ്പുള്ള സ്വർണ്ണാഭരണങ്ങൾ, 26.95 ലക്ഷം രൂപയുടെ വാഹനങ്ങൾ, വായ്പയായും അഡ്വാൻസായും നൽകിയ 3.90 കോടി രൂപ, പ്രധാന ബിസിനസ്സ് സ്ഥാപനമായ പീവീസ് റിയൽട്ടേഴ്‌സിലും മറ്റ് സ്ഥാപനങ്ങളിലും ഉള്ള 6.39 കോടിരൂപയുടെ ഓഹരികൾ ഒക്കെയും ഉൾപ്പെടും.
പിവി അൻവറിന്റെ ആസ്തിയുടെ ബഹുഭൂരിഭാഗവും ഉണ്ടായിരുന്നത് സ്ഥാവര ആസ്തികളിലാണ്. അതായത് ഭൂമിയായും വാണിജ്യ കെട്ടിടങ്ങളായും ഒക്കെയാണ്. തൃക്കലങ്ങോട്ടെ ഒരു കെട്ടിട്ടത്തിന് മാത്രം 22.72 കോടിരൂപയാണ് 2021 ലെ മതിപ്പുവില. അങ്ങനെ 30.77 കോടിയുടെ വാണിജ്യ കെട്ടിടങ്ങളാണ് അൻവറിനും കുടുംബത്തിനുമുള്ളത്. 40.30 ലക്ഷം രൂപ വിലമതിപ്പുള്ള കൃഷിഭൂമിയുൾപ്പെടെ 12.35 കോടിയുടെ ഭൂമിയാണ് ഇവർക്കുള്ളത്.
അങ്ങനെ 64 കോടിയുടെ ആസ്തിയുള്ള പിവി അൻവറിന് 2021 ൽ 17 കോടിയുടെ ബാധ്യതകളും ഉണ്ടായിരുന്നു. ബാങ്കുകളിൽ നിന്നും മറ്റും 5.41 കോടിരൂപ ലോൺ എടുത്തിട്ടുണ്ടായിരുന്നു. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 11.53 കോടി രൂപ കടബാധ്യതയും. സർക്കാറിന് നൽകാനുള്ള കുടിശികകൾ അതായത് വസ്തു നികുതി പോലുള്ള കുടിശികകൾ ഏകദേശം 11 ലക്ഷം രൂപയുമായിരുന്നു.
അതായത് ചുരുക്കിപ്പറഞ്ഞാൽ റിയൽ എസ്‌റ്റേറ്റ് മേഖലയിലായിരുന്നു പിവി അൻവറിന്റെ ആസ്തികളിൽ ഭൂരിഭാഗവും. പിന്നെ പിവീസ് റിയൽറ്റേഴ്‌സ് എന്ന കമ്പനിയായിരുന്നു പ്രധാന ബിസിനസ്സ്. 17 കോടിരൂപയുടെ ബാധ്യതയിൽ 11.53 കോടിയുടെ കടബാധ്യതകളെക്കുറിച്ചും ഏകദേശം എട്ടുകോടിയുടെ മറ്റുള്ള ആസ്തിയെന്താണെന്നതിനെക്കുറിച്ചും വിശദീകരണമൊന്നും പിവി അൻവർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നില്ല.
ഇത്രയും കോടീശ്വരനായ ഒരു രാഷ്ട്രീയക്കാരൻ നാല് വർഷം കൊണ്ട് ഇന്ന് നടത്തിയ വെളിപ്പെടുത്തലിലേത് പോലുള്ള ചില്ലിക്കാശില്ലാത്ത അവസ്ഥയിലെത്തിയെന്ന് ചിന്തിച്ച് നോക്കിയാൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതുകൂടി മുഖവിലക്കെടുക്കേണ്ടി വരും..
നല്ല സമ്പന്നനായ മനുഷ്യനായിരുന്നു ഒമ്പത് വർഷക്കാലം മുമ്പുവരെ പിവി അൻവർ. ആ സമ്പന്നനെ സിപിഎം കൊള്ളയടിച്ചതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ കൈയിൽ പണമില്ലാതെ ആയത്……