News

കെ.എസ്.ആർ.ടി.സി ബസ് ടെർമിനലുകളിൽ മദ്യവില്പന ആരംഭിക്കാൻ സർക്കാർ

കെ.എസ്.ആർ.ടി.സി ബസ് ടെർമിനലുകളിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കാനുള്ള പദ്ധതിയുമായി വീണ്ടും സർക്കാർ. വിവാദത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പദ്ധതിയാണ് വീണ്ടും നടപ്പാക്കുന്നത്. ആദ്യത്തെ ബെവ്കോ ഔട്ട്ലെറ്റ് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലുള്ള കെ എസ് ആർ ടി സി ബസ് ടെർമിനലിലാണ് തുറക്കുന്നത്. അടുത്ത മാസം ഈ ഔട്ട്ലെറ്റ് തുറക്കും.

ശേഷം അഞ്ച് സ്ഥലത്ത് കൂടി കെ എസ് ആർ ടി സിയുടെ കെട്ടിടത്തിൽ ബെവ്കോ ഓട്ട്ലെറ്റ് തുടങ്ങും. നേരത്തെ ആൻ്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഈ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിവാദത്തെ തുടർന്ന് അന്ന് നടപ്പാക്കിയിരുന്നില്ല. കെ എസ് ആ‌‍ർ ടി സിക്ക് വരുമാന വർധനവ് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സർക്കാരിൻ്റെ വാദം.

കെ എസ് ആ‍ർ ടി സിയുടെ കണ്ണായ സ്ഥലങ്ങളിൽ പണിത പല ടെർമിനുകളിലും സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്. വാടകയിനത്തിൽ കൂടുതൽ വരുമാനമുണ്ടാക്കാനാണ് ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ക്ക് സ്ഥലം നൽകാൻമുൻ കെ എസ് ആർ ടി സി എംഡിയായിരുന്ന ബിജു പ്രഭാകർ ശുപാർശ മുന്നോട്ട് വെച്ചത്.

ബെവ്കോയുമായികെ.എസ്.ആർ.ടി.സി ചർച്ച നടത്തി. വിശാലമായ പ്രീമിയം ഔട്ട്‌ലെറ്റുകളായിരുന്നു ലക്ഷ്യം. ബസ് സ്റ്റാൻറുകൾ മദ്യപ കേന്ദ്രമാക്കി മാറ്റാൻ പോകുന്നുവെന്ന വ്യാപക ആരോപണങ്ങളെ തുടർന്ന് സർക്കാർ ചർച്ചകള്‍ നിർത്തിവച്ചു. 

രണ്ട് സർക്കാർ സ്ഥാപനങ്ങള്‍ക്ക് ഒരേ പോലെ വരുമാനമുണ്ടാക്കുന്ന ശുപാർശ ഉപേക്ഷിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ വീണ്ടും ചർച്ചകള്‍ തുടങ്ങി. ബെവ്ക്കോ എംഡി ഹർഷിത അത്തല്ലൂരി സർക്കാരിൻെറ അനുമതി തേടി. പദ്ധതി നടപ്പായാൽ വാടക വരുമാനം സർക്കാരിലേക്ക് തന്നെ എത്തും, അതിനാൽ സ്ഥലം നൽകണമെന്നായിരുന്നു ആവശ്യം.

ഗതാഗത – എക്സൈസ് വകുപ്പുകള്‍ പച്ചകൊടി കാണിച്ചതോടെ ചർച്ചകള്‍ നടന്നു. സുൽത്താൻ ബെത്തേരിയിൽ നിലവിൽ പ്രവർത്തിക്കുന്ന ബെവ്ക്കോ ഔട്ട്‌ലെറ്റാണ് ബസ് ടെർമിനിലേക്ക് മാറ്റുന്നത്. കെ എസ് ആ‍ർ ടി സി അനുവദിച്ച സ്ഥലത്ത് പണികള്‍ ഉടൻ തുടങ്ങും. ഒരു മാസത്തിനുള്ളിൽ ഔട്ട്‌ലെറ്റ് പ്രവർത്തിക്കും.

മറ്റ് അഞ്ചു സ്ഥലങ്ങളിൽ കൂടി ഔട്ട് ലറ്റിന് സ്ഥലം നൽകാൻ കെ എസ് ആർ ടി സി തയ്യാറായിട്ടുണ്ട്. എക്സൈസിൻ്റെ അനുമതി ലഭിച്ചാൽ ഈ സ്ഥലങ്ങളിലും പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. പുതിയൊരു ഔട്ട്‌ലെറ്റ് തുടങ്ങുമ്പോള്‍ ബെവ്ക്കോയ്ക്ക് 30 കോടിയാണ് പ്രതിവർഷ ലാഭമുണ്ടാവുക.

ജനവാസ കേന്ദ്രങ്ങളിൽ മദ്യശാലകള്‍ തുടങ്ങുന്നതിനിരെ എന്നും പ്രതിഷേധം ഉയരാറുണ്ട്. നഗരഹൃദയങ്ങളിൽ ബസ് ടെർമിനിലുകളിൽ ഔട്ട്‌ലെറ്റുകൾ വരുമ്പോൾ എന്താകുമെന്ന പ്രശ്നം ബാക്കിയുണ്ട്. ലാഭമാണ് ലക്ഷ്യമെങ്കിലും എതിർപ്പുകൾ ഉയരുമോ എന്ന ആശങ്ക ബാക്കിയാണ്.