
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട്. നിലവിൽ 2,710 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളതെന്നും ഇതിൽ ഏറ്റവുമധികം പേർ കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിന് തൊട്ടുപിന്നിൽ മഹാരാഷ്ട്രയും ഡൽഹിയുമാണ് സജീവ കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ളത്.
വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ പ്രകാരം കേരളത്തിലാണ് ഏറ്റവും കൂടുതൽ സജീവ രോഗികളുള്ളത് – 1147 പേർ. മഹാരാഷ്ട്രയിൽ 424 പേർക്കും, ഡൽഹിയിൽ 294 പേർക്കും, ഗുജറാത്തിൽ 223 പേർക്കും നിലവിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും കർണാടകയിലും 148 പേർക്ക് വീതവും പശ്ചിമ ബംഗാളിൽ 116 പേർക്കും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2025 ജനുവരിക്ക് ശേഷമുള്ള കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 22 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലാണ് – ഏഴ് പേർ. കേരളത്തിൽ അഞ്ച് മരണങ്ങളും ഡൽഹിയിൽ രണ്ട് മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് കേസുകളിൽ പെട്ടെന്നുണ്ടായ ഈ വർദ്ധനവ് കണക്കിലെടുത്ത് രാജ്യവ്യാപകമായി നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾ കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുകയും പ്രതിരോധ നടപടികൾ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.