News

പെൻഷൻകാരുടെ ക്ഷാമ ആശ്വാസ പരിഷ്കരണം : കുടിശികയായ രണ്ട് ഗഡുവിനെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രോഗ്രസ് റിപ്പോർട്ടിലും മൗനം

പെൻഷൻ പരിഷ്കരണ കുടിശിക നൽകിയെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ മുഖ്യമന്ത്രി. പെൻഷൻകാർക്ക് ലഭിക്കേണ്ട ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡു കുടിശികയെ കുറിച്ച് പ്രോഗ്രസ് റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല.

പതിനൊന്നാം പെൻഷൻ പരിഷ്കരണത്തിൻ്റെ ഭാഗമായുളള ക്ഷാമ ആശ്വാസ പരിഷ്കരണ കുടിശിക 4 ഗഡുക്കൾ ആയി കൊടുക്കുമെന്നായിരുന്നു 2021 ലെ ഉത്തരവിൽ പറഞ്ഞിരുന്നത്.ഇതിൽ ആദ്യ രണ്ട് ഗഡുക്കൾ നൽകി. അവസാന രണ്ട് ഗഡുക്കൾ നീട്ടി വച്ചു. ബജറ്റിലും ഇതിനെ കുറിച്ച് ബാലഗോപാൽ മിണ്ടിയില്ല. മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും മൗനത്തിൽ ആശങ്കയിലാണ് പെൻഷൻകാർ.

രണ്ടാം പിണറായി സർക്കാരിൻ്റെ കാലയളവിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച വിഭാഗമാണ് പെൻഷൻകാർ.ക്ഷാമ ആശ്വാസം 18 ശതമാനം കുടിശിക ആയതോടെ പെൻഷൻകാരുടെ ഒരു വർഷത്തെ നഷ്ടം 24,840 രൂപ മുതൽ 1,80,144 വരെ ആണ്.പ്രഖ്യാപിച്ച ക്ഷാമ ആശ്വാസത്തിന് കുടിശിക അനുവദിക്കാത്ത കെ.എൻ. ബാലഗോപാലിന്റെ നടപടി മൂലം പെൻഷൻകാർക്ക് നഷ്ടപ്പെട്ടത് 36,110 രൂപ മുതല്‍ 2,61,876 രൂപ വരെയാണ്.

ആറര ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. ഏറ്റവും കുറഞ്ഞ പെൻഷൻ 11,500 രൂപയാണ്. കൂടിയ പെൻഷൻ 83,400 രൂപയും.

27,428 പേരാണ് 50,000 രൂപയ്ക്ക് മുകളിൽ പെൻഷൻ കൈ പറ്റുന്നവർ. അതായത് 4.21 ശതമാനം പേർക്ക് മാത്രമാണ് 50,000 രൂപയ്ക്ക് മുകളിൽ പെൻഷൻ കിട്ടുന്നത്. കിട്ടേണ്ട ആനുകൂല്യങ്ങൾ സർക്കാർ നിഷേധിച്ചതിലൂടെ പ്രതിസന്ധിയിലാണ് പെൻഷൻകാർ.