
മുഖ്യമന്ത്രിയോടുള്ള ചോദ്യവും ഉത്തരവും തയ്യാറാക്കുന്നത് സാംസ്‌കാരിക വകുപ്പിലെ ഉന്നതൻ
മുഖ്യമന്ത്രിയോട് ചോദിക്കേണ്ട ചോദ്യങ്ങൾ ഭൂരിഭാഗവും തയ്യാറാക്കാനുള്ള ചുമതല സാംസ്കാരിക വകുപ്പിലെ ഉന്നതന്. സാധാരണക്കാരോടുള്ള മുഖ്യമന്ത്രിയുടെ ഇടപെടല്‍ പരിപാടി സിനിമപോലെ സെറ്റിട്ട പരിപാടിയാക്കിയാണ് നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ചെറുകഥാകൃത്തും നോവലിസ്റ്റും ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന 60 കഴിഞ്ഞ സാംസ്കാരിക വകുപ്പ് ഉന്നതൻ വിശ്രമമില്ലാതെ പണിയോട് പണിയിലാണ്.
മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിക്കുന്നവർക്ക് ചോദ്യം നൽകണം. ആ ചോദ്യത്തിന് മറുപടി ഒരാഴ്ച മുമ്പേ മുഖ്യമന്ത്രിയുടെ ഓഫിസിൽ നൽകണം. മുഖ്യമന്ത്രിയുടെ ഓഫിസിലെ സാംസ്കാരിക കുലപതിക്ക് ചോദ്യങ്ങളുടെ മറുപടി നൽകണം.ഇങ്ങനെ ഉന്നതൻ ഈ ചെറുപ്പകാലത്ത് പണിയോട് പണിയെടുത്ത് പരസ്പരം കഴിഞ്ഞ് തലസ്ഥാനത്ത് തിരിച്ചെത്തി.പുതിയ നോവലിന്റെ പണിപ്പുരയിലേക്കാണ് ഉന്നതന്റെ യാത്ര.
തൃശൂരിൽ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക വകുപ്പ് പരിപാടിയിലാണ് ഉന്നതൻ ചോദ്യവും ഉത്തരവും തയ്യാറാക്കിയത്. മേമ്പൊടിക്ക് ” പരസ്പരം ചിരിക്കണം” എന്ന ഗാനവുമായി സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ മുൻനിരയിൽ നിറഞ്ഞ് നിന്നു. കർട്ടന് പിന്നിൽ പണിയെടുത്ത് വിയർത്ത ഉന്നതന്റെ പരിശ്രമം ആരും തിരിച്ചറിഞ്ഞതുമില്ല.
കേരള ലളിതകലാ അക്കാദമിയാണ് പരിപാടിക്ക് പണം മുടക്കിയത്. 2300 പേർക്ക് കുശാലായ ഭക്ഷണവും ബാഗും എല്ലാം ലളിത കലാ അക്കാദമി വക ചെലവ്. ലളിത കലാ അക്കാദമിയുടെ ബജറ്റ് വിഹിതം എന്നത് ജനങ്ങളുടെ നികുതി പണം. ജനത്തിന്റെ നികുതി പണം എടുത്ത് 2300 പേർക്ക് ഭക്ഷണവും കൊടുത്ത് , വലിയൊരു ബാഗും കൊടുത്ത് സാംസ്കാരിക വകുപ്പിന്റെ ഉത്തരവാദിത്തം കഴിഞ്ഞു.
ചോദ്യങ്ങൾ ചോദിക്കാൻ അറിയാവുന്നവർ ധാരാളം പേർ ഉണ്ടായിരുന്നു. ഉത്തരം പറയേണ്ട മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും അറിയണമെന്നില്ല. അതുകൊണ്ടാണ് ഉന്നതൻ അരയും തലയും മുറുക്കി സെറ്റിട്ട പരിപാടി പ്ലാൻ ചെയ്തത്. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത കസേരയിൽ പ്രതിമാസം ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ആളാണ് ഉന്നതൻ.
സർ, ചോദ്യവും ഉത്തരവും നമ്മൾ തന്നെ തയ്യാറാക്കി കൊടുക്കുന്നത് മോശമല്ലേ എന്ന് ഒരു ഉദ്യോഗസ്ഥൻ ഉന്നതനോട് ചോദിച്ചു. നിനക്ക് ഈ സാംസ്കാരിക വകുപ്പിനെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നായിരുന്നു ഉന്നതന്റെ മറുപടി.