
നിയമസഭയിലെ പ്രതിപക്ഷ സർവീസ് സംഘടനയുടെ സമരത്തിന് അനുമതി നിഷേധിച്ച് എ.എൻ. ഷംസീർ
തിരുവനന്തപുരം: ഇ ഓഫീസ് ലോഗിൻ വിഷയത്തിൽ ആറു ജീവനക്കാരെ അന്യായമായി സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനയായ കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ 20.05.25 നു ആഹ്വാനം ചെയ്ത ലോഗൗട്ട് സമരത്തിന് അനുമതി നിഷേധിച്ചു.
നോട്ടീസ് നൽകാനുള്ള നിശ്ചിത സമയക്രമം പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. സമയക്രമത്തിന്റെ പേരിൽ പ്രതിഷേധ സമരങ്ങൾക്ക് അനുമതി നിഷേധിക്കുന്ന രീതി നിയമസഭാ സെക്രട്ടറിയേറ്റിൽ മുൻപ് ഉണ്ടായിട്ടില്ല.
അനുമതി നിഷേധിച്ച സാഹചര്യത്തിൽ, സമയക്രമം പാലിച്ച് നോട്ടീസ് നൽകിക്കൊണ്ട് മറ്റൊരു ദിവസം സമരം സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. ചട്ടവിരുദ്ധമായി ലോഗിൻ അനുവദിച്ച വിഷയത്തിൽ ബഹുമാനപ്പെട്ട സ്പീക്കറെ നേരിൽകണ്ട് പ്രതിഷേധം അറിയിച്ച ജീവനക്കാരെ സസ്പെൻഡ് ചെയ്ത അസാധാരണമായ സാഹചര്യത്തിലാണ് അടിയന്തരമായി പ്രതിഷേധ പരിപാടിക്ക് നോട്ടീസ് നൽകിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
സമയക്രമം പാലിക്കാത്തതിന്റെ പേരിൽ സമരത്തിന് അനുമതി നിഷേധിച്ച ഓഫീസ് സസ്പെൻഷൻ നടപ്പാക്കുന്നതിൽ എന്തൊക്കെ നടപടിക്രമങ്ങൾ പാലിച്ചു എന്ന് വ്യക്തമാക്കുവാൻ തയ്യാറാകണം. സസ്പെൻഷൻ നടപടികൾ പിൻവലിക്കുന്നത് വരെ KLSA യുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ തുടരുമെന്നും സംഘടന അറിയിച്ചു.