
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാർ നൽകിയ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. രണ്ടാഴ്ച്ചക്കുള്ളില്‍ തമിഴ്നാടിന്റെ അപേക്ഷ കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അയക്കണമെന്നും, ഈ അപേക്ഷയിൽ മൂന്നാഴ്ചക്കകം കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനുള്ള തമിഴ്നാടിന്റെ അപേക്ഷ കേരളം അംഗീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കണം.
അറ്റകുറ്റപ്പണികൾക്കായി സാധന സാമഗ്രികൾ കൊണ്ടുപോകുന്നതിന് ഒരു റോഡ് നിർമ്മിക്കാനുള്ള ആവശ്യവും കോടതി അംഗീകരിച്ചു. ഈ റോഡ് കേരളം നിർമ്മിക്കണം, എന്നാൽ ഇതിന്റെ നിർമ്മാണ ചെലവ് പൂർണ്ണമായും തമിഴ്നാട് വഹിക്കണം. മുല്ലപ്പെരിയാറിലെ ഡോർമിറ്ററിയുടെ അറ്റകുറ്റപ്പണി നടത്താനും തമിഴ്നാടിന് കോടതി അനുമതി നൽകിയിട്ടുണ്ട്.
കൂടാതെ, അണക്കെട്ടിലേക്ക് ഒരു ബോട്ട് കൂടി അനുവദിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം നിലവിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയമായി അംഗീകരിക്കണമെന്നും കോടതി പറഞ്ഞു. ബേബി ഡാമിലെ ഗ്രൗട്ടിംഗ് ജോലികൾ സംബന്ധിച്ച അന്തിമ തീരുമാനം മേൽനോട്ട സമിതിക്ക് വിടുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മുല്ലപ്പെരിയാറിൽ നിലവിലുള്ള അണക്കെട്ടിന് അപകട സാധ്യതയുണ്ടെന്നും അതിനാൽ പുതിയ ഡാം നിർമ്മിക്കണമെന്നുമാണ് കേരളം നിലവിൽ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. എന്നാൽ, മരം മുറിയുമായി ബന്ധപ്പെട്ട കേസ് നേരത്തെ പരിഗണിച്ചപ്പോൾ, മുല്ലപ്പെരിയാറിൽ അപകട സാധ്യതയില്ലെന്ന് സുപ്രീം കോടതി ജഡ്ജിമാർ വാക്കാൽ നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തമിഴ്നാടിന്റെ അപേക്ഷയിൽ കോടതിയുടെ പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
ബേബി ഡാം ബലപ്പെടുത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം മുന്നോട്ട് വെച്ചതും ഇതിനെ കേരളം ശക്തമായി എതിർത്തതും നേരത്തെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി തെളിയിച്ചിരുന്നു. 2021-ൽ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയിരുന്നെങ്കിലും, ഇത് വലിയ രാഷ്ട്രീയ വിവാദമായി മാറിയതോടെ അന്ന് സർക്കാർ ആ അനുമതി പിൻവലിക്കുകയായിരുന്നു. ഇതോടെയാണ് കേരള സർക്കാരിനെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്നാട് തീരുമാനിച്ചത്. ഈ കേസിൽ മൂന്ന് വർഷത്തോളം നിയമനടപടികൾ നീണ്ട ശേഷമാണ് ഇപ്പോൾ സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് ഉണ്ടായിരിക്കുന്നത്.