ആലുവയിൽ 3 വയസ്സുകാരിയെ കാണാനില്ല, പുഴയുടെ ഭാഗത്ത് ഉപേക്ഷിച്ചെന്ന് അമ്മയുടെ മൊഴി
കൊച്ചി: ആലുവയിൽ മൂന്നു വയസ്സുകാരിയെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. അമ്മയ്‌ക്കൊപ്പം ബസിൽ യാത്ര ചെയ്യവെ കല്യാണി എന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ താൻ ഉപേക്ഷിച്ചതാണെന്ന് അമ്മ പോലീസിന് മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ആലുവ മൂഴിക്കുളത്ത് പുഴയുടെ ഭാഗത്ത് പോലീസും അഗ്നിരക്ഷാസേനയും സ്കൂബ ടീമും ചേർന്ന് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ഉച്ചയ്ക്ക് 3.30-ഓടെ മറ്റക്കുഴിയിലെ അങ്കണവാടിയിൽ നിന്ന് കല്യാണിയെ കൂട്ടിക്കൊണ്ടുപോയ ശേഷം തിരുവാങ്കുളത്തുകൂടി ആലുവയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് അമ്മ മൊഴി നൽകിയിരിക്കുന്നത്. തിരുവാങ്കുളത്തുകൂടി കുട്ടിയുമായി അമ്മ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
മൂഴിക്കുളത്ത് ബസിറങ്ങിയ ശേഷം പുഴയുടെ ഭാഗത്തേക്ക് തനിച്ചു നടന്നുവെന്ന് അമ്മ പോലീസിനോട് പറഞ്ഞു. പിന്നീട് കുറുമശ്ശേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോയെന്നും അവർ മൊഴി നൽകി. എന്നാൽ, ഓട്ടോറിക്ഷയിൽ കയറുമ്പോൾ കുട്ടി കൂടെ ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവർ മൊഴി നൽകിയത് കേസിൽ നിർണായകമായിരിക്കുകയാണ്.
അമ്മയുടെ മൊഴികളിലെ വൈരുധ്യങ്ങൾ കാരണം പോലീസ് അതീവ ജാഗ്രതയോടെയാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കല്യാണിക്കായി ജില്ലയിലാകെ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സമീപത്തെ പോലീസ് സ്റ്റേഷനുകളിലും പെൺകുട്ടിക്കായി പട്രോളിംഗ് നടത്തുന്നുണ്ട്. അമ്മ പറയുന്ന സ്ഥലങ്ങളിലെല്ലാം പോലീസ് സംഘം അരിച്ചുപെറുക്കി പരിശോധന തുടരുകയാണ്.