NationalNews

കാറിൽ കുടുങ്ങിയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു; ആന്ധ്രയിലെ വിജയനഗരത്തിലാണ് സംഭവം

വിജയനഗരം: ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കയറിയ നാല് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. വിജയനഗരം കന്റോൺമെന്റിന് കീഴിലുള്ള ദ്വാരപൂഡി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്.

പോലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, പത്ത് വയസ്സിൽ താഴെയുള്ള നാല് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ ഒരു കാറിനുള്ളിൽ കയറി. കാറിന്റെ വാതിലുകൾ അബദ്ധത്തിൽ അടഞ്ഞതോടെ അവർ അകത്ത് കുടുങ്ങിപ്പോവുകയായിരുന്നു.

രാവിലെ മുതൽ കുട്ടികളെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് സംഭവം പുറത്തറിയുന്നത്. പ്രദേശത്തെ മഹിളാ മണ്ഡലി ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് നാല് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.

ഉദയ് (8), ചാരുമതി (8), ചരിഷ്മ (6), മനസ്‍വി (6) എന്നിവരാണ് മരിച്ച കുട്ടികൾ. ചാരുമതിയും ചരിഷ്മയും സഹോദരിമാരാണ്. ഉദയും മനസ്‍വിയും ഇവരുടെ കൂട്ടുകാരാണ്. ദീർഘനേരം കഴിഞ്ഞിട്ടും കുട്ടികളെ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് രക്ഷിതാക്കൾ അന്വേഷണം ആരംഭിച്ചത്.

നിർത്തിയിട്ടിരുന്ന കാറിന്റെ വാതിലുകൾ തുറന്നു കിടക്കുകയായിരുന്നുവെന്നും കുട്ടികൾ കളിക്കുന്നതിനിടെ ഇതിൽ കയറിയിരുന്ന് വാതിൽ ലോക്ക് ആവുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ശ്വാസം കിട്ടാതെ നാല് പേരും കാറിനുള്ളിൽ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. നാല് കുട്ടികളുടെ മരണം ദ്വാരപൂഡി ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

തെലുങ്ക് സംസ്ഥാനങ്ങളിൽ ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. കഴിഞ്ഞ ഏപ്രിലിൽ തെലങ്കാനയിലെ രംഗారెഡ്ഡി ജില്ലയിൽ ഇതേപോലെ കാറിനുള്ളിൽ കുടുങ്ങി രണ്ട് പെൺകുട്ടികൾ ശ്വാസം മുട്ടി മരിച്ചിരുന്നു. ചെവെല്ല മണ്ഡലത്തിലെ ദാമരഗിദ്ദ ഗ്രാമത്തിലായിരുന്നു ഈ ദാരുണ സംഭവം. ഒരു ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ നാല് വയസ്സും അഞ്ച് വയസ്സുമുള്ള രണ്ട് പിതൃസഹോദര പുത്രിമാരാണ് കളിക്കുന്നതിനിടെ നിർത്തിയിട്ടിരുന്ന കാറിൽ കയറിയതും അബദ്ധത്തിൽ വാതിൽ ലോക്ക് ആയതും. ചൂട് കൂടിയതോടെ ദീർഘനേരം കാറിനുള്ളിൽ കുടുങ്ങിയ കുട്ടികൾക്ക് ശ്വാസം കിട്ടാതെ വരികയായിരുന്നു. കാണാതായ കുട്ടികളെ പിന്നീട് ബോധരഹിതരായി വാഹനത്തിനുള്ളിൽ കണ്ടെത്തുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.