
മന്ത്രി അബ്ദു റഹിമാനും കോട്ടയം കുഞ്ഞച്ചനും പിന്നെ മെസിയും
മെസി കേരളത്തിൽ വരുമോ? സംസ്ഥാനത്തെ ഏറ്റവും വലിയ വിഷയമായി മാറിയിരിക്കുകയാണ് മെസിയുടെ വരവ്. ഈ വർഷം ഒക്ടോബറിലോ , നവംബറിലോ മെസിയും അർജൻ്റിന ടീമും കേരളത്തിൽ കളിക്കാൻ എത്തുമെന്ന് പ്രഖ്യാപിച്ചത് കായിക മന്ത്രി വി. അബ്ദു റഹിമാൻ ആയിരുന്നു.
ഇപ്പോൾ അബ്ദു റഹിമാൻ കൈമലർത്തുകയാണ്. സർക്കാരിൻ്റെ കയ്യിൽ മെസിയെ കൊണ്ട് വരാൻ പണമില്ല. മെസിയെ കൊണ്ട് വരാമെന്ന് ഏറ്റത് സ്പോൺസർമാരായ റിപ്പോർട്ടറാണ് എന്നാണ് കായിക മന്ത്രിയുടെ ക്യാപ്സൂൾ.സ്പോൺസർ വിശദീകരണമായി രംഗത്ത് എത്തിയെങ്കിലും കായിക പ്രേമികൾ കലിപ്പിലാണ്. മെസി വരുമെന്ന കാര്യത്തിൽ സ്പോൺസർക്കും ഉറപ്പില്ല. ആകെ അനിശ്ചിതത്വം.
മെസി വരുമെന്ന വാർത്ത സർക്കാർ നേട്ടമായി അവതരിപ്പിച്ച മുഖ്യമന്ത്രി ആകട്ടെ പതിവ് പോലെ മൗനത്തിലാണ്.മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചൻ്റെ അവസ്ഥയിലാണ് കായിക മന്ത്രി അബ്ദു റഹിമാൻ. ഡ്രൈവിംഗ് സ്കൂൾ ഉദ്ഘാടനത്തിന് മോഹൻലാൽ വരുമെന്നായിരുന്നു കോട്ടയം കുഞ്ഞച്ചൻ്റെ വാഗ്ദാനം.കോട്ടയം കുഞ്ഞച്ചൻ്റെ വായ്ത്താരിയിൽ മുങ്ങി ജനങ്ങൾ മോഹൻലാലിനെ കാണാൻ ഉദ്ഘാടനത്തിന് ഇരമ്പിയെത്തി. പിന്നെ നടന്നത് സംഭവ ബഹുലം . മോഹൻലാലിന് പകരം ഉദ്ഘാടനത്തിന് എത്തിയത് കൃഷ്ണൻ കുട്ടി നായരുടെ പച്ചക്കുളം വാസു. ജോഷി ചതിച്ചാശാനേ എന്ന കോട്ടയം കുഞ്ഞച്ചൻ്റെ ഡയലോഗ് വൈറലായി.കായിക മന്ത്രി അബ്ദു റഹിമാൻ എന്ത് ഡയലോഗ് അടിക്കും എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
സർക്കാരും അർജന്റീന ടീമും വലിയ സൗഹൃദത്തിലാണ്, ഇവിടെ കളിക്കാൻ അർജന്റീന ടീമിനും ആഗ്രഹമുണ്ട്. പണം അവിടെയെത്തിക്കഴിഞ്ഞാൽ അർജന്റീന ടീം ഇങ്ങെത്തും എന്നാണ് മന്ത്രി വി അബ്ദുറഹ്മാൻ്റെ വിശദീകരണം.പണം എത്തിക്കേണ്ട സ്പോൺസർ പണം എത്തിച്ചില്ലെന്ന് മന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തം.