
തൃശൂർ: ആനകളെ കുറി തൊടീച്ച് കൊണ്ട് വരണ്ട. പാപ്പാന്മാർക്ക് കർശന നിർദ്ദേശം നൽകി ഗുരുവായൂർ ദേവസ്വം. പാപ്പാന്മാർക്കായി ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആനകളെ ഇനി കുറി തൊടീക്കരുതെന്നും നിർദ്ദേശം ലംഘിച്ചാൽ പാപ്പാന്മാർ പിഴ നൽകേണ്ടി വരുമെന്നും വ്യക്തമാക്കിയാണ് സർക്കുൽ പുറത്തിറക്കിയിരിക്കുന്നത്. നിർദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പലനിറത്തിലുള്ള കുറിതൊടീക്കുന്നത് നെറ്റിപ്പട്ടം കേടുവരുത്തുന്നുവെന്നാണ് കാരണം ചൂണ്ടിക്കാണിച്ചാണ് സർക്കുലർ.
സാധാരണയായി ശീവേലിക്കും വിളക്കെഴുന്നള്ളിപ്പിനും ആനകളെ കുളിപ്പിച്ച് കുറിയിട്ടാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. ആനയുടെ മസ്തത്തിലും ചെവികളിലും വാലിലും ചന്ദനം കളഭം കുങ്കുമം എന്നിവ കൊണ്ടാണ് പാപ്പന്മാർ കുറി തൊടീക്കാറ്.
പലനിറത്തിലുള്ള കുറി തൊടിക്കുമ്പോൾ നെറ്റിപ്പട്ടത്തിന്റെ ചായം ഇളകി കറ പിടിക്കുന്നുവെന്നും തുണി ദ്രവിച്ച് നെറ്റിപ്പട്ടം കേടുവരുന്നുവെന്നും സർക്കുലറിൽ പറയുന്നു. കുറിതൊട്ട് കേടായ നെറ്റിപ്പട്ടം നന്നാക്കുവാൻ 10000 മുതൽ 20,000 രൂപ വരെ ചെലവ് വരും. നിർദ്ദേശം ലംഘിച്ചാൽ പാപ്പാന്മാരിൽ നിന്നും പിഴ ഈടാക്കുമെന്നും സർക്കുലറിൽ പറയുന്നു.