News

ആശ്രിത നിയമന അട്ടിമറി പിൻവാതിൽ നിയമനക്കാർക്ക് വേണ്ടി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജീവനക്കാരുടെ ആശ്രിത നിയമന പദ്ധതി അട്ടിമറിച്ചത് പിൻവാതിൽ നിയമനക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇടതുഭരണത്തിൽ രണ്ടരലക്ഷം താൽക്കാലികക്കാരെയാണ് കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിയമിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നവകേരള നഷ്ടങ്ങൾക്കെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോടും പ്രതിബദ്ധതയില്ലാതെ പാർട്ടിക്ക് വേണ്ടി, പാർട്ടി നേതാക്കളുടെ മക്കൾക്ക് വേണ്ടി, ഭാര്യമാർക്ക് വേണ്ടി , അവരുടെ ബന്ധുക്കൾക്ക് വേണ്ടിയുള്ള ഭരണമാണ് ഇത്. സാധാരണ സഖാക്കൾക്ക് ഒരു ഗുണവുമില്ല, ബന്ധുക്കൾ പിൻവാതിൽ വഴി നിരവധിനിയമനങ്ങളിൽ കടന്നു കയറുന്നു. അതുകൊണ്ടാണ് ആശ്രിത നിയമനം പോലും വേണ്ടെന്നുവച്ചത്. പുതുതായി ഉണ്ടാക്കിയ നിയമമനുസരിച്ച് ജീവനക്കാർ മരിച്ചാൽ അവരുടെ അവകാശികൾക്ക്, മക്കൾക്ക് ജോലി കിട്ടാത്ത അവസ്ഥയാണ്. സർക്കാർ ജീവനക്കാർ വളരെ ശ്രദ്ധിച്ച് യാത്ര ചെയ്യേണ്ടതും, മക്കൾക്ക് 13 വയസ്സ് തികയുന്നതുവരെ മരിക്കാതിരിക്കേണ്ടതും ആണ് എന്ന പ്രത്യേക പരിഹാസ സാഹചര്യമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതുപോലെ ജനങ്ങളെ വഞ്ചിച്ച ഒരു ജനവിരുദ്ധ സർക്കാർ കേരളത്തിലുണ്ടായിട്ടില്ല.

ശമ്പള പരിഷ്‌കരണ കുടിശ്ശിക നൽകുമെന്ന് പറയുന്നതല്ലാതെ നൽകുന്നില്ല. നാല് കൊല്ലം മുമ്പ് ഉത്തരവായ തുക പിഎഫിൽ ലയിപ്പിക്കും എന്ന് പറഞ്ഞിട്ട് ഇതുവരെ ലയിച്ചിട്ടില്ല വഴിയിൽ കിടക്കുകയാണ്. എന്നിട്ടും സെക്രട്ടറിയേറ്റിലെ ഇടത് സർവീസ് സംഘടന മുഖ്യമന്ത്രിക്ക് വേണ്ടി ഡോക്യുമെന്ററി ഇറക്കുകയാണ്. മുഖ്യമന്ത്രിയെയും കൂടെ അതിൽ അഭിനയിപ്പിക്കാമായിരുന്നു.

മുഖ്യമന്ത്രി ഇപ്പോൾതന്നെ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വർഷം കൂടെ കഴിയുമ്പോൾ ഇദ്ദേഹത്തെ കേരളത്തിലെ ജനങ്ങൾ ഇറക്കിവിടും എന്നതിൽ ഒരു സംശയവും വേണ്ട. ഇതുപോലെ ജനങ്ങളോട് വഞ്ചന കാട്ടിയ ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. കേരളത്തിലെ സർക്കാർ ജീവനക്കാരെ ഇതുപോലെ അപമാനിച്ച ഒരു ഗവൺമെൻറ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

മെഡിസെപ്പ് എവിടെപ്പോയി? ആകെ ഉണ്ടായിരുന്നത് കണ്ണാശുപത്രികളും, പല്ലാശുപത്രികളും മാത്രം. ഇപ്പോൾ അവർ പോലും പിന്തിരിഞ്ഞിരിക്കുകയാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്നു പറഞ്ഞിട്ട് ഇനിയും പാലിക്കാനായില്ല. ഇടതുഭരണം നവകേരളത്തെ നഷ്ടമുദ്രകളാൽ നിറച്ചിരിക്കുന്നു.

സ്റ്റാലിനേക്കാൾ വലിയ ഏകാധിപതിയായിട്ടാണ് പിണറായി വിജയൻ ഇവിടെ ഭരിക്കുന്നത്. ഭരണം പോകുന്നത് ബംഗാളിന്റെ മാതൃകയിലാണ്. ഇനി വരും കാലങ്ങളിൽ ഒരിക്കലും കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഒരു ഗവൺമെൻറ് കേരളത്തിൽ വരാത്ത നിലയിലേക്ക് എത്തിയിരിക്കുന്നു. കഷ്ടതയും ദുഃഖവും അനുഭവിക്കുകയാണ് ഇവിടത്തെ സാധാരണ ജനങ്ങൾ.

നവകേരള നഷ്ടങ്ങൾക്കെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച കൂട്ട ഉപവാസം ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള ശക്തമായ താക്കീതാണ് സർക്കാരിന് നൽകിയത്.

സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് അധ്യക്ഷനായിരുന്നു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ. മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ് കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ്. മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻജനറൽ സെക്രട്ടറി വി എ ബിനു പി കുമാരി അജിത, കെ എം അനിൽകുമാർ, എ സുധീർ, ജി ആർ ഗോവിന്ദ്, നൗഷാദ് ബദറുദ്ദീൻ, ജെയിംസ് മാത്യു, രേഖ നിക്‌സൺ, സൂസൻ ഗോപി, സി സി റൈസ്റ്റൺ പ്രകാശ്, എൻ സുരേഷ് കുമാർ, ആർ രഞ്ജിഷ് കുമാർ, ഡി ജലജകുമാരി, വി ഉമൈബ, എൻ റീജ, സ്മിത അലക്‌സ്, പ്രതിഭ അനിൽ, എം റിയാസ്, ജി എസ് കീർത്തിനാഥ്, എം ജി രാജേഷ്, വി എസ്ഷീബ, മീര സുരേഷ്, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.